WEBDUNIA|
Last Modified ചൊവ്വ, 19 മാര്‍ച്ച് 2024 (16:09 IST)
2024ലെ ലോകസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബിജെപിയുടെ പ്രധാനശ്രദ്ധ തെക്കെ ഇന്ത്യയിലാണെന്ന് പലരും ശ്രദ്ധിച്ചുകാണും. കേരളത്തിലും തമിഴ്‌നാട്ടിലുമായി അടുത്തിടെ എത്ര തവണ പ്രധാനമന്ത്രി നേരിട്ട് പ്രചാരണ ക്യാമ്പയിനുകളുടെ ഭാഗമായി എന്ന കണക്കെടുത്താല്‍ തന്നെ ബിജെപിക്ക് എത്രമാത്രം
തെക്കെ ഇന്ത്യ പ്രധാനമെന്ന് വ്യക്തമാകും. മോദി ഇത്തവണ വാരാണാസിയിലും തമിഴ്‌നാട്ടിലെ രാമനാഥപുരത്തും മത്സരിക്കുമെന്ന് പോലും ഇടയ്ക്ക് വാര്‍ത്തകളുണ്ടായിരുന്നു. രാമക്ഷേത്ര ഉദ്ഘാടനം കൂടി കഴിഞ്ഞതോടെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി ഏറെക്കുറെ വിജയം ഉറപ്പിച്ചുകഴിഞ്ഞു. പിന്നെന്തുകൊണ്ടാണ് ബിജെപി തെക്കെ ഇന്ത്യയ്ക്ക് തെരെഞ്ഞെടുപ്പില്‍ ഇത്ര പ്രാധാന്യം നല്‍കുന്നു.
ഈ തെരെഞ്ഞെടുപ്പില്‍ പ്രധാനമായും 2 ലക്ഷ്യങ്ങളാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. ദേശീയ ജനാധധിപത്യ സഖ്യം ആകെയുള്ള 543 സീറ്റുകളില്‍ 400 എണ്ണത്തിലും വിജയിക്കുന്നു. ഒപ്പം ബിജെപി തനിച്ച് 370 സീറ്റുകളില്‍ വിജയിക്കുന്നു. ബിജെപിയുടെ ഈ മിഷന്‍ 370ല്‍ തെക്കെ ഇന്ത്യയാണ് പ്രധാനഘടകം. 2019ലെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രമായി 303 സീറ്റുകളാണ് ലഭിച്ചത്. ഇത് 370 ആയി ഉയര്‍ത്താനാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ബിജെപിക്ക് നിലവില്‍ തന്നെ മൃഗീയ ഭൂരിപക്ഷമുണ്ട്. ഇത് ഇനിയും ഉയര്‍ന്നാലും 370ലെത്താന്‍ ബിജെപിക്ക് സാധിക്കില്ല. നോര്‍ത്തീസ്റ്റ് മേഖലയില്‍ മണിപ്പൂര്‍ പ്രശ്‌നങ്ങളും മറ്റ് ആഭ്യന്തര കാരണങ്ങളാലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിനാകില്ല. പശ്ചിമ ബംഗാളില്‍ 42 സീറ്റുകളുണ്ടെങ്കിലും ബിജെപി അവിടെ വലിയ ശക്തിയല്ല. സിഎഎ പശ്ചാത്തലത്തില്‍ ബംഗാളിലെ മത്സരം കൂടുതല്‍ കഠിനമാവുകയും ചെയ്യും.
ഈ സാഹചര്യത്തിലാണ് കേരളം,തമിഴ്‌നാട്,കര്‍ണാടക,തെലങ്കാന സംസ്ഥാനങ്ങളില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 39 ലോകസഭാ സീറ്റുകളാണ് തമിഴ്‌നാട്ടില്‍ മാത്രമുള്ളത്. പ്രാദേശിക കക്ഷികളോട് സഖ്യമുണ്ടാക്കിയും അണ്ണാമലെയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന സ്വീകാര്യതയും മുതലെടുത്തുകൊണ്ട് പരമാവധി സീറ്റുകളാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. തെക്കെ ഇന്ത്യയില്‍ ബിജെപി പ്രധാനമായി ശ്രദ്ധ വെയ്ക്കുന്നത് ഇക്കുറി തമിഴ്‌നാട്ടിലാണ്. ആന്ധ്ര,തെലങ്കാന,കര്‍ണാടക,കേരളം,തമിഴ്‌നാട് എന്നിങ്ങനെ 5 സംസ്ഥാനങ്ങളിലായി ആകെ 132 ലോകസഭാ സീറ്റുകളാണുള്ളത്. ഇതില്‍ 29 എണ്ണത്തിലാണ് 2019ല്‍ ബിജെപിക്ക് വിജയിക്കാനായത്. ഇതീല്‍ 25 സീറ്റുകളും കര്‍ണാടകയില്‍ നിന്നായിരുന്നു. തമിഴ്‌നാട്ടിലടക്കം ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല.
ഈ ലോകസഭാ തെരെഞ്ഞെടുപ്പില്‍ 132 സീറ്റുകളില്‍ 84 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തെക്കെ ഇന്ത്യയിലുണ്ടാക്കുന്ന മുന്നേറ്റം മാത്രമാകും ബിജെപിയെ മിഷന്‍ 370ലെത്താന്‍ സഹായിക്കുക.പ്രാദേശിക കക്ഷികളുമായി സഖ്യം രൂപീകരിക്കുന്നതും സിനിമാതാരങ്ങളടക്കം പ്രമുഖരെ രംഗത്ത് കൊണ്ടുവരുന്നതും പ്രധാനമന്ത്രിയടക്കം ക്യാമ്പയിന്‍ ചെയ്യുന്നതും ഇത് ലക്ഷ്യം വെച്ചാണ്. ആന്ധ്രയില്‍ ഇതിനായി ടിഡിപിയുമായി ബിജെപി സഖ്യമുണ്ടാക്കി കഴിഞ്ഞു. തമിഴ്‌നാട്ടിലും പ്രാദേശിക സഖ്യങ്ങളുമായി ബിജെപി മുന്നോട്ടാണ്. തെലങ്കാനയില്‍ കെ എസ് ആര്‍ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം.കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടുകളും ഹിന്ദു വോട്ടുകളുമാണ് ബിജെപി ലക്ഷ്യമിടുന്നത്. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം പോലും ഇതിന്റെ ഭാഗമായാണ് നടക്കുന്നത്. നിലവില്‍ പാലക്കാട് മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.