WEBDUNIA|
Last Modified ചൊവ്വ, 4 ജൂണ്‍ 2024 (16:52 IST)
Suresh Gopi: 'തൃശൂരിനൊരു കേന്ദ്രമന്ത്രി' എന്നതായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തൃശൂരില്‍ ബിജെപിയുടെ വാഗ്ദാനം. അത് യാഥാര്‍ഥ്യമാകുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കേന്ദ്രത്തില്‍ അധികാരത്തിലെത്താനുള്ള സീറ്റുകള്‍ എന്‍ഡിഎയ്ക്കു ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 295 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം.
എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പായി. മൂന്നാം മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് തന്നെയായിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുക. മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് കൂടിയാണ് സുരേഷ് ഗോപി.
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 74,686 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി തൃശൂരില്‍ ജയം ഉറപ്പിച്ചിരിക്കുന്നത്. 4,12,338 വോട്ടുകള്‍ സുരേഷ് ഗോപി നേടി. രണ്ടാം സ്ഥാനത്തുള്ള വി.എസ്.സുനില്‍ കുമാറിന് 3,37,652 വോട്ടുകളാണ് ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. തൃശൂരില്‍ നിന്ന് ജയിച്ചാല്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.