Lok Sabha Election Results 2024: ശക്തമായ പ്രതിപക്ഷമാകാം, മോദിയെ വിറപ്പിക്കാം; 'ഓപ്പറേഷന്‍ 2029' നു തുടക്കമിടാന്‍ ഇന്ത്യ മുന്നണി, രാഹുല്‍ പ്രതിപക്ഷ നേതാവ്

എന്‍ഡിഎ മുന്നണിയില്‍ നില്‍ക്കുന്ന പാര്‍ട്ടികളെ സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ കുതിരക്കച്ചവടമെന്ന ആരോപണം ബിജെപി ഉയര്‍ത്തും

Rahul Gandhi and Akhilesh Yadav
WEBDUNIA| Last Modified ബുധന്‍, 5 ജൂണ്‍ 2024 (11:26 IST)
Rahul Gandhi and Akhilesh Yadav

Lok Sabha Election Results 2024: ലോക്‌സഭയില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ 'ഇന്ത്യ' മുന്നണി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍ഡിഎയില്‍ നിന്ന് ജെഡിയുവിനെയും ടിഡിപിയെയും അടര്‍ത്തിയെടുത്താല്‍ സാധിക്കുമെങ്കിലും അത്തരത്തിലൊരു രാഷ്ട്രീയ നീക്കത്തിനു ഇന്ത്യ മുന്നണി ഇപ്പോള്‍ തയ്യാറല്ല. ശക്തമായ പ്രതിപക്ഷമാകാന്‍ അവസരമുണ്ടെന്നും പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട് ബിജെപിയെ കൂടുതല്‍ തുറന്നുകാട്ടാന്‍ സാധിക്കുമെന്നുമാണ് ഇന്ത്യ മുന്നണിയുടെ വിലയിരുത്തല്‍.

എന്‍ഡിഎ മുന്നണിയില്‍ നില്‍ക്കുന്ന പാര്‍ട്ടികളെ സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ കുതിരക്കച്ചവടമെന്ന ആരോപണം ബിജെപി ഉയര്‍ത്തും. ഏതെങ്കിലും പാര്‍ട്ടിക്ക് എന്‍ഡിഎ വിട്ടുവരാന്‍ താല്‍പര്യമുണ്ടെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം വരട്ടെ. അതുവരെ പ്രതിപക്ഷത്ത് ഇരിക്കാമെന്നാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇന്ത്യ മുന്നണി കൂടുതല്‍ ശക്തിപ്പെടുമെന്നും ബിജെപിക്കെതിരായ ജനവികാരം കൂടുതല്‍ മോശമാകുമെന്നും ഇന്ത്യ മുന്നണി നേതൃത്വം പ്രതീക്ഷിക്കുന്നു.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് എന്‍ഡിഎയ്ക്ക് 292 സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാന്‍ സാധിക്കില്ല. സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താതെ ബിജെപിക്ക് ഇനി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ വന്നാല്‍ സഖ്യകക്ഷികള്‍ അധികാരത്തിനായി കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത് എന്‍ഡിഎ മുന്നണിയില്‍ പിളര്‍പ്പുണ്ടാകാനും സഖ്യ പാര്‍ട്ടികള്‍ മുന്നണി വിടാനും കാരണമായേക്കും. അല്‍പ്പം കൂടി ക്ഷമിച്ചാല്‍ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണയോടെ ഇന്ത്യ മുന്നണിക്ക് അധികാരത്തിലെത്താനുള്ള വഴി തെളിയുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ പ്രതീക്ഷ.

പ്രതിപക്ഷ മുന്നണിക്ക് 234 സീറ്റുകള്‍ ഉള്ളതിനാല്‍ ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഏകാധിപത്യത്തോടെ ഭരിക്കാന്‍ പ്രയാസമാണ്. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കി ക്രിയാത്മക പ്രതിപക്ഷത്തെ സൃഷ്ടിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായില്ലെങ്കില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആയിരിക്കും പ്രതിപക്ഷ നേതാവ് ആകുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :