K.Muraleedharan: കെപിസിസി അധ്യക്ഷ സ്ഥാനമോ വയനാട് സീറ്റോ നല്‍കാം; മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

തൃശൂരില്‍ തോറ്റതിനു പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു

WEBDUNIA| Last Modified ബുധന്‍, 5 ജൂണ്‍ 2024 (11:05 IST)

K.Muraleedharan: തൃശൂരിലെ തോല്‍വിയെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന കെ.മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുരളീധരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനമോ വയനാട് ലോക്‌സഭാ സീറ്റോ മുരളീധരനു നല്‍കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനം മുരളിക്കായി ഒഴിയാന്‍ കെ.സുധാകരന്‍ തയ്യാറല്ല. വയനാട് ലോക്‌സഭാ സീറ്റ് മുരളിക്ക് നല്‍കുന്നതില്‍ സുധാകരന് എതിര്‍പ്പില്ല.

തൃശൂരില്‍ തോറ്റതിനു പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും ഔദ്യോഗിക പദവികള്‍ വഹിക്കാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും താല്‍പര്യമില്ലെന്നുമാണ് മുരളിയുടെ നിലപാട്. പാര്‍ട്ടിക്ക് വേണ്ടി താന്‍ പലയിടത്തും ബലിയാടായി എന്ന പരാതിയും മുരളിക്കുണ്ട്. ഈ സാഹചര്യത്തിലാണ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

റായ് ബറേലിയിലും വയനാട്ടിലും ജയിച്ച രാഹുല്‍ ഗാന്ധി സ്വാഭാവികമായി ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. വയനാട് മണ്ഡലം ഉപേക്ഷിക്കാനാണ് രാഹുലിന്റെ തീരുമാനം. അതിനാല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ ഉപതിരഞ്ഞെടുപ്പില്‍ മുരളിയെ സ്ഥാനാര്‍ഥിയാക്കാമെന്ന ഉപാധിയും കോണ്‍ഗ്രസ് മുന്നോട്ടു വച്ചേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :