'രാജ്മോഹൻ ഉണ്ണിച്ചാക്ക് വോട്ട് ചെയ്യുക'- ചുമരെഴുത്ത് കണ്ട് ചിരിക്കാൻ വരട്ടെ; കാരണം ഇതാണ്

‘ഇച്ച’ എന്നാൽ കാസർകോട് ഭാഷയിൽ ജ്യേഷ്ഠ സഹോദരൻ എന്ന് അർഥം.

Last Modified ബുധന്‍, 3 ഏപ്രില്‍ 2019 (11:22 IST)
തെരഞ്ഞെടുപ്പ് കാലം ട്രോളുകളുടെ കൂടി കാലമാണ്. ചെറുതായൊന്ന് പിഴച്ചാൽ അത് ആഘോഷമാക്കാൻ ട്രോളന്മാർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ച ഒരു ട്രോളാണ് കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ ചുമരെഴുത്ത്. കാസര്‍കോട് യുഡിഎഫ് സ്ഥാനാർഥി 'രാജ്മോഹന്‍ ഉണ്ണിച്ചാക്ക്' വോട്ട് ചെയ്യുക എന്നായിരുന്നു ആ ചുമരെഴുത്ത്.

ഇത് അക്ഷരത്തെറ്റും കൈയബദ്ധവുമൊന്നുമല്ലെന്നാണ് എഴുതിയവര്‍ക്ക് പറയാനുള്ളത്. ഇത് സ്നേഹത്തിന്‍റെ ഭാഷയാണ് എന്നാണ് യുഡിഎഫുകാര്‍ പറയുന്നത്.‘ഇച്ച’ എന്നാൽ കാസർകോട് ഭാഷയിൽ ജ്യേഷ്ഠ സഹോദരൻ എന്ന് അർഥം. അത് കൂട്ടിച്ചേര്‍ത്താണ് 'രാജ്മോഹന്‍ ഉണ്ണിച്ചാക്ക്' എന്ന് എഴുതിയത് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാരുടെ അണ്ണൻ വിളി പോലെ തന്നെ കാസർകോട് കാർക്ക് ഇച്ചയും.

മുതിര്‍ന്ന സഹോദരനെ വിശേഷിപ്പിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ഇച്ച എന്നത്. ഇത് മറ്റ് സ്ഥലങ്ങളില്‍ ഇസ്ലാം വിഭാഗത്തില്‍പെട്ടവരാണ് ഉപയോഗിക്കുന്നതെങ്കിലും കാസര്‍കോട് അങ്ങനെയല്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറയുന്നത്. ജേഷ്ഠ സ്ഥാനത്ത് കാണുന്ന ആരേയും കാസര്‍കോടുകാര്‍ ഇച്ചയെന്ന് വിളിക്കും. ഈ സ്‌നേഹമാണ് ചുവരെഴുത്തിലും പ്രതിഫലിച്ചത്. തുടക്കത്തില്‍ സ്ഥാനാര്‍ഥിത്വത്തില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ യുഡിഎഫ് ശക്തമായ പ്രചാരണമാണ് ഇവിടെ നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :