‘രാഷ്ട്രീയ രംഗത്തെ അഴിമതിക്കഥകൾ’ - എം എൽ എ പ്രതിഭയുടെ കുറിപ്പ് വൈറൽ

Last Modified ശനി, 23 മാര്‍ച്ച് 2019 (12:20 IST)
രാഷ്ട്രീയ രംഗത്തെ അഴിമതിക്കഥകള്‍ സാധാരണമാണ്. കക്ഷിഭേദമന്യെ മിക്ക പാര്‍ട്ടികളിലെ പല നേതാക്കളും അഴിമതി ആരോപണം നേരിട്ടിട്ടുണ്ട്. രാഷ്ട്രീയക്കാരിൽ ഭൂരിഭാഗം ആളുകളും അഴിമതിക്കാരാണെന്ന പൊതുബോധത്തെക്കുറിച്ച് തന്‍റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കായംകുളം എംഎല്‍എ യു പ്രതിഭയുടെ
ഫേസ്ബുക്കിലെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പിങ്ങനെ:

കഴിഞ്ഞ ദിവസം യെദ്യൂരപ്പയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഭയുടെ കുറിപ്പ്. തന്‍റെ വീട് പ്രളയത്തില്‍ നഷ്ടപ്പെട്ടപ്പോള്‍ പുനര്‍ നിര്‍മിക്കാന്‍ ലോണെടുത്തതും അതിന് പിന്നാലെ ഉയര്‍ത്തപ്പെട്ട ചില ചോദ്യങ്ങളും.

ഇന്നലെ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത യെദ്യൂരപ്പയുടെ ഡയറിയെ കുറിച്ച് ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഇന്നത്തെ ഏറെ ശപിക്കപ്പെട്ട അവസ്ഥയാണ് അഴിമതി. എന്തിനാണ് രാഷ്ട്രീയ നേതാക്കൻമാർ പണം കൊടുത്ത് അധികാരസ്ഥാനത്തേക്ക് വരുന്നത്. ഇത്തരം വാർത്തകൾ പരക്കെ പ്രചരിപ്പിക്കപ്പെടുമ്പോൾ അഴിമതി ഇല്ലാതെ സ്വജനപക്ഷപാതമില്ലാതെ പൊതുപ്രവർത്തനം നടത്തുന്ന നിരവധി രാഷ്ട്രീയ പ്രവർത്തകരെയും ഭരണാധികാരികളെയും പുതിയ തലമുറ എങ്ങനെ തിരിച്ചറിയും.

എല്ലാവരും ഒരുപോലെ എന്ന് അവരിൽ ചിലരെങ്കിലും വിധി എഴുതുമ്പോൾ അതും ജനാധിപത്യത്തിന് കളങ്കം ആണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ആരും ആരെ കുറിച്ചും വെറും ആരോപണം പറയരുത്. ഇന്നലെ ജനങ്ങളെ അറിയിച്ച ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതായുണ്ട്... ഇല്ലെങ്കിൽ കൃത്യമായ നിയമ പോരാട്ടത്തിലൂടെ സത്യം പുറത്തു വന്നേ മതിയാകൂ. (പണത്തിന്റെ പിൻബലത്തിൽ കൃത്യമായ നിയമ പോരാട്ടം എന്നതിന് എത്ര പ്രസക്തി എന്നെനിക്കും അറിയില്ല.)..

NB. കുട്ടനാട്ടിലെ പ്രളയത്തിനു ശേഷം ഏകദേശം പൂർണ്ണമായി തകർന്നു പോയ എന്റെ വീട് പൊളിച്ചു. പുതിയ വീട് വെക്കാൻ ലോൺ അന്വേഷിച്ചപ്പോഴും ചെലവ് കുറഞ്ഞ വീട് നിർമ്മാണത്തെക്കുറിച്ച് അന്വേഷിച്ച് നടന്നപ്പോഴും അവസാനം ലോൺ തുകയ്ക്ക് അനുസരിച്ച് കോൺട്രാക്ടറോട് സംസാരിച്ച് ലോൺ തുകയല്ലാതെ മറ്റൊന്നും അധികം തരാൻ ഇല്ല കൈയ്യിൽ പറഞ്ഞപ്പോൾ ഞങ്ങളെ പോലെയുള്ളവരെ നോക്കി സാധാരണ ജനം ചോദിക്കുന്ന ചോദ്യം ഉണ്ട് ഒരു എം എൽ എ ആണോ ഈ പറയുന്നത് എന്ന്. അതെ ഈ അവസ്ഥയിലേക്ക് നമ്മുടെ ജനത്തിനെ ചിന്തിപ്പിക്കുന്നത് ഇത്തരം വാർത്തകളാണ്. പണം കൊടുത്ത് പണം വാരുന്ന അധാർമ്മിക പ്രവർത്തനം ആയ് രാഷ്ട്രീയം മാറരുത്...

തെരഞ്ഞെടുപ്പ് കാലം പണം കണ്ടെത്തിയത് നല്ലവരായ നിരവധി മനുഷ്യർ നൽകുന്ന സംഭാവനകളിലൂടെ തന്നെയാണ്. പ്രസ്ഥാനത്തിന്റെ, സഖാക്കളുടെ ,ജനാധിപത്യവിശ്വാസികളുടെ കറ കളഞ്ഞ സ്നേഹവും വിശ്വാസവും അതുകൊണ്ട് തന്നെ നിറയെ അനുഭവിച്ചിട്ടും ഉണ്ട്.. തെരഞ്ഞെടുപ്പ് കാലത്തെ കടം ഇനിയും നിലനിൽക്കുന്നുണ്ട് എന്ന ബാബുജാൻ സഖാവിന്റെ ഓർമ്മപ്പെടുത്തലും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :