Last Modified തിങ്കള്‍, 25 മാര്‍ച്ച് 2019 (18:21 IST)
ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ മുൻ അധ്യക്ഷൻമാരും കേന്ദ്രമന്ത്രിമാരുമായ ചില നേതാക്കൾ ഇല്ല എന്നത് ശ്രദ്ധേയമായി. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരാണ് ഇതിൽ പ്രമുഖർ.എൽ.കെ അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗർ മണ്ഡലത്തിൽ ഇത്തവണ ജനവിധി തേടുന്നത് പാർട്ടി അധ്യക്ഷൻ അമിത് ഷായാണ്.
ബിജെപി മുൻ അധ്യക്ഷൻ കൂടിയായ മുരളി മനോഹർ ജോഷിയ്ക്കും ഇത്തവണ സീറ്റ് ഇല്ല. 2014ലെ തെരഞ്ഞെടുപ്പിൽ കാൺപുരിൽനിന്നാണ് അദ്ദേഹം മത്സരിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അരുൺ ജെയ്റ്റ്ലി രാജ്യസഭയിലൂടെയാണ് പാർലമെന്‍റിൽ എത്തിയത്. അദ്ദേഹത്തിന് ഇത്തവണ സീറ്റ് നൽകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.
ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അനാരോഗ്യം കാരണം ഇത്തവണ മത്സരരംഗത്ത് ഇല്ല. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുതിർന്ന നേതാവ് ശാന്തകുമാർ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ഉമാഭാരതിയും ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തിനില്ല. തന്നെ പരിഗണിക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി ഉമാഭാരതി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.
2014ലെ തെരഞ്ഞെടുപ്പിൽ ഫഗൽപുരിൽനിന്ന് മത്സരിച്ച ബിജെപി നേതാവാണ് ഷാനവാസ് ഹുസൈൻ. എന്നാൽ ഇത്തവണ മണ്ഡലം സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡിന് നൽികയതോടെ അദ്ദേഹത്തിന് സീറ്റ് ഇല്ലാതായി