Last Modified തിങ്കള്‍, 25 മാര്‍ച്ച് 2019 (17:20 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസ്സിന്റെത് സമദൂരമല്ലെന്ന് മുൻ ഭാരവാഹിയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്കും മറ്റു മണ്ഡലങ്ങളിൽ യുഡിഎഫിനും പിന്തുണ നൽകാൻ എൻഎസ്എസ് ആസ്ഥാനത്ത് നിന്ന് വാക്കാൽ നിർദേശിച്ചെന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് ടി കെ പ്രസാദ് വെളിപ്പെടുത്തി. മാവേലിക്കര എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനെ ഓഫീസിൽ
സ്വീകരിച്ചതിന്റെ പേരിൽ ചങ്ങനാശ്ശേരിയിൽ വിളിച്ചുവരുത്തി രാജി എഴുതി വാങ്ങിയെന്നും ടി കെ പ്രസാദ് ആരോപിച്ചു.
എൻഎസ്എസ് മാവേലിക്കര യൂണിയനിലെ 15 അംഗ കമ്മറ്റിയിൽ 14 പേരും രാജിവച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജയസാധ്യത കണക്കാക്കി പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്കും മറ്റു മണ്ഡലങ്ങളിൽ യുഡിഎഫിന് പിന്തുണ നൽകാൻ വാക്കാൽ എൻഎസ്എസ് നിർദേശം നൽകിയെന്ന് മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് ടി കെ പ്രസാദ് ആരോപിച്ചു. എൽഡിഎഫിനു പിന്തുണ നൽകേണ്ടതില്ലെന്നും എൻഎസ്എസ് നിർദേശിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇടതു സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനെ ഓഫീസിൽ സ്വീകരിച്ചതിന്റെ പേരിൽ യൂണിയൻ ഭാരവാഹികളെ ഓഫീസിൽ വിളിച്ചുവരുത്തി രാജി എഴുതി വാങ്ങിയെന്നും പ്രസാദ് ആരോപിച്ചു.