Last Modified തിങ്കള്‍, 25 മാര്‍ച്ച് 2019 (12:26 IST)
ജയിക്കാനല്ല ജയിപ്പിക്കാനാണ് തനിക്കിഷ്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. മാതൃഭൂമിക്കു നൽകിയ അഭിമുഖത്തിലായിരുന്നു പിള്ളയുടെ പ്രതികരണം. പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനെക്കുറിച്ചും ശ്രീധരൻപിള്ള അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
യഥാർത്ഥത്തിൽ കെ സുരേന്ദ്രന് തൃശ്ശൂർ മണ്ഡലമാണ് തീരുമാനിച്ച് ഉറപ്പിച്ചതെന്നും ശ്രീധരൻപിള്ള പറയുന്നു. സുരേന്ദ്രൻ ചെറിയ രീതിയിൽ പ്രചരണം ആരംഭിച്ചിരുന്നു. ഈയവസരത്തിലാണ് ബിഡിജെഎസിനു തൃശ്ശൂർ സീറ്റ് നൽകേണ്ടി വന്നത്. ഈ സമയത്താണ് പത്തനംതിട്ടയിൽ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ തിരുമാനിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
എഴുത്തുകാരൻ എന്ന നിലയിൽ നേരത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ വിശദാംശങ്ങൾ തേടിയതാണ്. അതിനിടയിലാണ് ചെങ്ങന്നൂരിൽ മത്സരിക്കണമെന്ന് ഏക കണ്ഠമായി നിർദേശം വന്നതും സ്വീകരിച്ചതും. സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ഓടിനടകുന്ന ആളായി മാധ്യമങ്ങൾ പോലും ചിത്രീകരിച്ചതിൽ ദുഃഖമുണ്ടെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.