Last Modified വെള്ളി, 29 മാര്‍ച്ച് 2019 (14:44 IST)
ഉത്തര്‍പ്രദേശില്‍ ബിജെപി സിറ്റിംഗ് എംപി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും ഇറ്റാവ എംപിയുമായ അശോക് കുമാര്‍ ദോഹ്‌റയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അശോക് കുമാര്‍ ദോഹ്‌റ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അശോക് കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയുടെയും ജ്യോതിരാധിത്യ സിന്ധ്യയുടെയും ഇടപെടലാണ് അശോക് കുമാറിനെ കോണ്‍ഗ്രസിലേക്ക് എത്തിച്ചത്. നേരത്തെ ബിജെപി എംപിയായിരുന്ന ജ്യോതിബാ ഫൂലെയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ജ്യോതിബാ ഫൂലെയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അശോക് കുമാറിനെയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇറ്റാവയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കരുതുന്നത്. ജനസ്വാധീനമുള്ള രണ്ട് എംപിമാരെ നഷ്ടപ്പെട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.