Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (10:06 IST)
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്. നവോത്ഥാനം പ്രസംഗിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇത്തരം അധിക്ഷേപം പ്രതീക്ഷിച്ചില്ലെന്ന് അവര്‍ പറഞ്ഞു. പരാമര്‍ശം വ്യക്തിപരമായി വേദനയുണ്ടാക്കി, പ്രസ്താവനയ്‌ക്കെതിരെ പരാതി നല്‍കുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.
തനിക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന് ഓര്‍ക്കണമായിരുന്നു.പരസ്പരം പഴിചാരി വ്യക്തിഹത്യ നടത്തേണ്ട കാര്യമില്ലെന്നും അവര്‍ പ്രതികരിച്ചു. നവോത്ഥാനം പ്രസംഗിക്കുകയും വനിതാ മതിലൊക്കെ നടത്തുകയും ചെയ്യുന്നവര്‍ ഇത്തരം അധിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. ഉത്തരവാദിത്തപ്പെട്ട മുന്നണിയുടെ നേതാവ് ഇങ്ങനെ പറയരുതായിരുന്നു.
രമ്യാ ഹരിദാസിനെ ആലത്തൂരിലെ പെണ്‍കുട്ടിയെന്ന് പരോക്ഷമായി സൂചിപ്പിച്ച ശേഷം ആ കുട്ടി കുഞ്ഞാലിക്കുട്ടിയെ കണ്ടെന്നും അതിന് ശേഷം എന്ത് സംഭവിച്ചെന്ന് തനിക്ക് പറയാന്‍ വയ്യെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞിരുന്നു. പൊന്നാനിയില്‍ ഇടതുപക്ഷ സ്വതന്ത്രന്‍ പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവേയായിരുന്നു വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശങ്ങൾ.