സജിത്ത്|
Last Updated:
ചൊവ്വ, 21 ജൂണ്‍ 2016 (14:06 IST)
കേരളത്തിന്‍റെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. നയനാനന്ദകരമാണ് പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ് ഓരോരുത്തര്‍ക്കും ഉണ്ടാകുക. കോടമഞ്ഞ് പുതച്ച മലനിരകള്‍ രാജപ്രൗഢിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇവിടെ നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. അക്ഷരാര്‍ഥത്തില്‍ പറഞ്ഞാല്‍ കേരളത്തിന്‍റെ ഊട്ടിയാണ് നെല്ലിയാമ്പതി.
ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള മറ്റൊരു വരദാനമാണ് ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള ആ യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല. വൈവിധ്യമാര്‍ന്ന പൂക്കളും ഔഷധ സസ്യങ്ങളും അനേകായിരം പക്ഷികളും നെല്ലിയാമ്പതിയുടെ മാത്രം പ്രത്യേകതയാണ്. കൂടാതെ ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാര്‍ന്ന മനോഹാരിത നല്‍കിയിരിക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
പാഡഗിരിയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ള മല. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടില്‍ നിന്നുള്ള കാഴ്ചയും 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും എത്രകണ്ടാലും മതിവരില്ല. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിന്‍റെ നൈര്‍മല്യം സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗീയ അനുഭൂതിയാണ് പകരുന്നത്. വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ വശിമധ്യേയുള്ള തേയിലത്തോട്ടങ്ങള്‍ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. സഞ്ചാരികള്‍ക്കായി ഒട്ടനവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.