ധാര്‍ഷ്‌ട്യം നിറഞ്ഞ സ്ഥാനാര്‍ഥിക്ക് വോട്ടുകള്‍ സമാഹരിക്കാനായില്ല; ഒമ്പതുമണിക്ക് ശേഷമാണ് എന്നും പ്രചാരണത്തിന് ഇറങ്ങിയിരുന്നത്- ശോഭ സുരേന്ദ്രനെതിരെ ബിജെപിയില്‍ പൊട്ടിത്തെറി

ശോഭക്കെതിരെ അച്ചടക്ക നടപടി വേണം

ശോഭ സുരേന്ദ്രന്‍ , പാലക്കാട് , തെരഞ്ഞെടുപ്പ് , ജില്ലാ കമ്മിറ്റി
പാലക്കാട്| jibin| Last Modified തിങ്കള്‍, 30 മെയ് 2016 (10:19 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ തോല്‍‌വിക്ക് കാരണം ജില്ലാ നേതാക്കള്‍ ആണെന്നു കാട്ടി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ദേശീയ പ്രസിഡന്റ് അമിത് ഷായ്‌ക്ക് കത്ത് നല്‍കിയതിനെതിരെ ജില്ലാ സമിതിയില്‍ രൂക്ഷ വിമര്‍ശം. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ നേതാക്കളില്‍ ഭൂരിപക്ഷവും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശോഭയ്‌ക്കെതിരെ രംഗത്ത് വരികയായിരുന്നു.

തോൽവിയുടെ പേരിൽ ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി പ്രസ്താവന നടത്തിയ ശോഭക്കെതിരെ
അച്ചടക്ക നടപടി വേണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ പാളിച്ച സംഭവിച്ചു. പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനും സംസ്ഥാന സെക്രട്ടറിയുമായ സി കൃഷ്ണകുമാറായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ വിജയസാധ്യത കൂടിയേനെ. എത്ര ഉന്നത നേതാവായാലും പാർട്ടിക്കെതിരെ പ്രസ്താവന നടത്തിയാൽ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.

പാര്‍ട്ടി വോട്ടുകള്‍ ലഭിച്ചെങ്കിലും കൂടുതല്‍ വോട്ടുകള്‍ നേടുക എന്നത് സ്ഥാനാര്‍ഥിയുടെ കഴിവാണ്. അതിന് ചിട്ടയായ പ്രചാരണം ആവശ്യമായിരുന്നു. ഒമ്പതുമണിക്ക് ശേഷം മാത്രമാണ് ശോഭ പ്രചാരണത്തിന് ഇറങ്ങിയിരുന്നത്. സ്ഥാനാർഥി ചിലരുടെ പിടിയിൽപ്പെട്ടു സ്വന്തം നിലയ്ക്കാണു പ്രവർത്തനങ്ങൾ നടത്തിയത്. ഇതേത്തുടര്‍ന്ന് ഒടുവിൽ പാർട്ടിക്ക് അതിന്റെ പിന്നാലെ പോകേണ്ടി വന്നുവെന്നും വിമർശനം ഉയർന്നു. മണ്ഡലത്തിൽ ന്യൂനപക്ഷ ധ്രുവീകരണമുണ്ടായെന്നും ഇവർ വാദിച്ചു.

പ്രചാരണത്തിനിടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റമായിരുന്നു ശോഭയുടെത്. വീട് കയറിയുളള പ്രചാരണവും ജന സമ്പര്‍ക്ക പരിപാടിയും ഫലപ്രദമാക്കാന്‍ അവര്‍ക്കായില്ല. പാര്‍ട്ടിക്ക് കീഴില്‍ നിന്ന് ചിട്ടയായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. പാര്‍ട്ടിക്കെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാമര്‍ശം നടത്തിയത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ജില്ലാ നേതാക്കള്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ ശോഭയുടെ വിശദീകരണം തേടുമെന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞതോടെയാണു ചർച്ചകൾക്കു വിരാമമായത്. പാർട്ടിയുടെ ജില്ലാ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് സംഭവവികാസങ്ങള്‍ ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :