മലയാള സിനിമയുടെ എഴുപത്തിയഞ്ചാം വാര്‍ഷികമെന്ന് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെയ്‌ലി ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംവിധായകന്‍ കമല്‍ രംഗത്ത്. മന്ത്രിക്ക് സിനിമാമേളയെ കുറിച്ച് ഒന്നും അറിയില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് മേളയില്‍ പങ്കെടുക്കാതിരിക്കുകയാണ് നല്ലതെന്ന് കമല്‍ പ്രതികരിച്ചു.
ബുള്ളറ്റിനിലെ തെറ്റ് തിരുത്തിയില്ലെങ്കില്‍ സെല്ലുലോയ്ഡ് മേളയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും കമല്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. എന്നാല്‍ അച്ചടിപ്പിശക് മാത്രമാണ് സംഭവിച്ചതെന്നും സിനിമയുമായി ചരിത്രവുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേളയുടെ ഡെയ്‌ലി ബുള്ളറ്റിനില്‍ വന്ന തെറ്റ് തിരുത്തുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. ജെസി ഡാനിയേലിനെക്കുറിച്ച് സിനിമയെടുത്തയാള്‍ എന്ന നിലയില്‍ കമലിന്റെ പ്രതികരണം സ്വാഭാവികമാണ്. കമലിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നതായും പ്രിയദര്‍ശന്‍ വ്യക്തമാക്കി.
ബുള്ളറ്റിനിലെ തെറ്റ് തിരുത്തിയ ശേഷം മാത്രമേ സിനിമ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയുള്ളു എന്ന് കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിയദര്‍ശന്റെ വിശദീകരണത്തെ തുടര്‍ന്ന് കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കുകയാണെന്നും ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നും കമല്‍ അറിയിച്ചു.