ആ നാടകട്രൂപ്പിന്‍റെ ഓണറും പ്രധാനനടനും ജയറാമാണ്!

WEBDUNIA|
PRO
സെല്ലുലോയ്ഡിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന് പകരം ഫഹദ് ഫാസിലിനെ നായകനായി നിശ്ചയിച്ചു എന്ന് മലയാളം വെബ്‌ദുനിയ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ആ റിപ്പോര്‍ട്ടില്‍ ചില പിശകുകളുണ്ട്. അത് രണ്ടും രണ്ട് പ്രൊജക്ടുകളാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വായനക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടായതില്‍ ഖേദിക്കുന്നു. ജയറാമിനെ നായകനാക്കി ‘നടന്‍’ എന്ന സിനിമ ചെയ്തതിന് ശേഷമേ ഫഹദ് ചിത്രം കമല്‍ ഒരുക്കൂ എന്നാണ് അറിയുന്നത്.

‘നടന്‍’ എന്ന ചിത്രത്തില്‍ ഒരു നാടകട്രൂപ്പ് ഓണറും പ്രധാന നടനുമായാണ് ജയറാം അഭിനയിക്കുന്നത്. ആ നാടകട്രൂപ്പ് നടത്തിക്കൊണ്ട് പോകാന്‍ അയാള്‍ വളരെയേറെ കഷ്ടപ്പെടുന്നുണ്ട്. അയാളുടെ അച്ഛനും മുത്തശ്ശനുമെല്ലാം ആ നാടകട്രൂപ്പ് നല്ല രീതിയില്‍ നടത്തിക്കൊണ്ട് പോയവരാണ്. അതുകൊണ്ട് തന്നെ ആ പാരമ്പര്യം താനായിട്ട് ഇല്ലാതാക്കാന്‍ അയാള്‍ തയ്യാറല്ല. അതുകൊണ്ട് എല്ലാ പ്രതിസന്ധികളും നേരിട്ട് ആ നാടകട്രൂപ്പിനായി അയാള്‍ നില്‍ക്കുന്നു.

മലയാള നാടക പ്രസ്ഥാനത്തിന്‍റെ ചരിത്രമാണ് ‘നടന്‍’ എന്ന ചിത്രത്തിലൂടെ കമല്‍ അനാവരണം ചെയ്യുന്നത്. 1930കളില്‍ ഓച്ചിറ വേലുക്കുട്ടിയുടെ കാലത്തില്‍ നിന്ന് കെ പി എ സിയുടെയും അറുപതുകളിലെ മറ്റ് പ്രധാന ട്രൂപ്പുകളുടെയും ചരിത്രത്തിലൂടെ സമീപകാല നാടക രംഗത്തിലേക്ക് എത്തുന്ന രീതിയിലാണ് അവതരണം. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍ എന്നീ നാടകങ്ങളിലെ രംഗങ്ങള്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.

‘ശിക്കാര്‍’ ഉള്‍പ്പടെയുള്ള ഹിറ്റുകള്‍ എഴുതിയ എസ് സുരേഷ്ബാബു ആണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. ജൂലൈ അവസാനം ചിത്രീകരണം ആരംഭിക്കാവുന്ന രീതിയിലാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്.

എന്തായാലും മലയാള സിനിമയുടെ പിതാവിന്‍റെ ജീവിതം വരച്ചിട്ട സെല്ലുലോയ്ഡിന് ശേഷം മലയാള നാടകപ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലേക്കാണ് കമല്‍ ക്യാമറ തിരിക്കുന്നത് എന്നതാണ് കൌതുകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :