അമ്മ മലയാളത്തിന് ഇന്ന് ശ്രേഷ്ഠദിനം

തിരുവനന്തപുരം| WEBDUNIA|
PRO
ശ്രേഷ്ഠമലയാളത്തിന് ഇന്ന് ശ്രേഷ്ഠദിനം. മലയാളം ശ്രേഷ്ഠമെന്ന് അംഗീകരിച്ചതിന്റെ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന്‌ ശ്രേഷ്ഠഭാഷാദിനമായി ആചരിക്കുമെന്നു സാംസ്കാരിക മന്ത്രി കെ സി ജോസഫാണ് അറിയിച്ചത്‌.

സാംസ്കാരിക വകുപ്പിന്റെകീഴിലുള്ള അക്കാദമികള്‍ മുന്നില്‍നിന്ന് 14 ജില്ലകളിലും മലയാള ഭാഷയുടെ വികാസപരിണാമങ്ങളെക്കുറിച്ചു ചര്‍ച്ചകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.


കേരളപ്പിറവി ദിനത്തിലെ പതിവ് ഭരണഭാഷാ വാരാചരണം ഇക്കുറി ശ്രേഷ്ഠഭാഷാ വാരാചരണമായാണ് ആചരിക്കുക.

സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രത്യേക ഭാഷാപ്രതിഞ്ജയെടുക്കും.
ഭാഷാസ്‌നേഹത്തിന്റെ പ്രതിജ്ഞയും പുതുക്കും.
കവികളെയും കലാകാരന്‍മാരെയും ആദരിച്ച് മലയാള ദിനാഘോഷത്തിന്റെ മാറ്റുകൂട്ടാന്‍ സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.

സാംസ്‌കാരിക വകുപ്പും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സിഡാക്കും ചേര്‍ന്നാണ് ഗുരുവന്ദനം ഒരുക്കുന്നത്. കലയ്ക്കും കാവ്യത്തിനും കല്പനകള്‍ ഒരുക്കിയ ഒ.എന്‍.വിയും സുഗതകുമാരിയും പുതുശ്ശേരിയും അടൂരും കാവാലവും മലയാളത്തിന്റെ ആദരം ഏറ്റുവാങ്ങും. തിരുവനന്തപുരം വിജെടി. ഹാളിലാണ് ചടങ്ങ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഭരണഭാഷാ പ്രതിജ്ഞ ചൊല്ലണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 11 ന് ഓഫീസ് തലവന്റെ നേതൃത്വത്തില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിച്ച് പ്രതിജ്ഞയെടുക്കണം.

മലയാളം ഭരണഭാഷയാക്കിയിട്ടുള്ള എല്ലാ വകുപ്പുകളിലും മറ്റ് ഭരണ വകുപ്പുകളിലും സ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ ഉണ്ടാകും. ഭരണഭാഷാ മാറ്റത്തിന് ഉതകുന്ന ചര്‍ച്ചകളും സെമിനാറുകളും നാട്ടിലാകെ സംഘടിപ്പിക്കും. ഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവന നല്‍കിയവരെ ജില്ലകളില്‍ ആദരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :