‘ലാലിസം’ അധരവ്യായാമമെന്ന് പാലക്കാട് ശ്രീറാം

കൊച്ചി| Joys Joy| Last Modified ഞായര്‍, 1 ഫെബ്രുവരി 2015 (15:41 IST)
ദേശീയ ഗെയിംസിന്റെ ഭാഗമായി നടന്‍ മോഹന്‍ ലാലിന്റെ നേതൃത്വത്തില്‍ നടന്ന ‘ലാലിസം’ മ്യൂസിക് ബാന്‍ഡിന്റെ പരിപാടിക്കെതിരെ ഗായകന്‍ പാലക്കാട് ശ്രീറാം രംഗത്ത്. റെക്കോര്‍ഡ് ചെയ്ത ഗാനത്തിന് അനുസരിച്ച് ചുണ്ടു ചലിപ്പിക്കുകയായിരുന്നു ലാലും ഒപ്പമുണ്ടായിരുന്ന മിക്ക ഗായകരുമെന്ന് അദ്ദേഹം പറഞ്ഞു. ലാലിസത്തിനെതിരെ ശ്രീറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

“ഇന്നലെ ദേശീയഗെയിംസിനോട് അനുബന്ധിച്ച് നടന്ന കലാപരിപാടിയില്‍ നിന്ന് ഉയര്‍ന്ന സംഗീതശബ്ദങ്ങള്‍ ,പാടിയ 'ശബ്ദങ്ങളും അടക്കം ഒന്നും തന്നെ 'ലൈവ് ' ആയിരുന്നില്ല. ആ വന്ന തമിഴ് കാമറ ടെക്നീഷ്യന്‍സിന്, ഈ സംഗതി അറിയാത്തത്, പബ്ലിക്കിന് ഈ തട്ടിപ്പ് അറിയാന്‍ അവസരം ഒരുക്കി. അതില്‍ അഭിനയിച്ച 'കഴിവുള്ള' സംഗീത കലാകാരന്മാര്‍ക്കും ഒരു ലോഡു പുഛം ഇതാ സമര്‍പ്പിക്കുന്നു. സംഗീതത്തില്‍ 'പറ്റിപ്പല്ല' പ്രാക്‌ടീസ് ആണ് വേണ്ടത്. കഴിവുള്ള ഒരുപാടു കലാകാരന്മാരും കലാകാരികളും കേരളത്തില്‍ തന്നെ ഉള്ളപ്പോള്‍ ,'ലാലിസം' എന്ന ബാന്‍ഡ് പ്രമോട്ടര്‍ കൂടി ആയ ടി കെ രാജീവ് കുമാര്‍ സാര്‍ , ദേശീയ ഗെയിംസ് കമ്മിറ്റിയിലും അംഗം ആയ കാരണം കൊണ്ട് ആവാം, ആ ബാന്‍ഡിനെ പ്രമോട്ട് ചെയ്യാന്‍ ഇത്രയും വലിയ സാഹസത്തിനു മുതിര്‍ന്നത്. പക്ഷേ, കള്ളി പുറത്തുവന്ന സ്ഥിതിക്ക്, മാപ്പ് പറച്ചില്‍ കൊണ്ടൊന്നും ഈ പ്രശ്നം തീരില്ല. ഈ ഉടായിപ്പിന് കൊടുത്ത കാശ് ജനങ്ങളുടെ നികുതിയില്‍ നിന്നാണെന്ന് തന്നെ കാരണം. ക്രിമിനല്‍ കുറ്റം ആണോ എന്ന് നിയമ വിദഗ്ധര്‍ പറയട്ടെ. ഏതായാലും കലാപരമായി, ക്രിമിനല്‍ കുറ്റം തന്നെ ആണ് ഇത്”.

ലാലിസം പരിപാടി പരിഹാസ്യമായിരുന്നെന്ന് സംവിധായകന്‍ വിനയനും പറഞ്ഞു. ലാലും സംഘവും പാട്ടു പാടാതെ ജനങ്ങളെ കബളിപ്പിച്ചു. പരിപാടിക്ക് രണ്ടുകോടി നല്കിയത് തിരുവഞ്ചൂരിന്റെ താല്പര്യമാണെന്നും വിനയന്‍ കുറ്റപ്പെടുത്തി. അതേസമയം, ലാലിസം ബാന്‍ഡ് പിരിച്ചുവിട്ടുവെന്ന വാര്‍ത്ത തെറ്റാണെന്നും ബാന്‍ഡ് പിരിച്ചു വിടില്ലെന്നും കോ-ഓര്‍ഡിനേറ്റര്‍ രതീഷ് വേഗ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :