വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ഏറ്റുവാങ്ങി ‘ലാലിസം’

കൊച്ചി| Last Updated: ഞായര്‍, 1 ഫെബ്രുവരി 2015 (15:04 IST)
ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ ലാലിസത്തിന്റെ ആദ്യ പ്രകടനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം.
ഉദിത് നാരായണ്‍ , ഹരിഹരന്‍ ‍, അല്‍ക്ക യാഗ്നിക്, കാര്‍ത്തിക്, എം ജി ശ്രീകുമാര്‍ ‍, സുജാത തുടങ്ങിയവര്‍ അണിനിരന്ന ഗാനമേളയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത് മോഹന്‍ലാല്‍ ആയിരുന്നുഇ. ഷോയിലെ മോഹന്‍ലാലിന്റെ ഗാനാലാപനത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. പരിപാടിക്കായി സര്‍ക്കാര്‍ രണ്ടു കോടി രൂപ നല്‍കിയതിനെചൊല്ലിയും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍
രണ്ടുകോടി രൂപ പ്രതിഫലമില്ലെന്നും കലാകാരന്മാര്‍ക്കുള്ള ചെലവുമാത്രമാണ് വാങ്ങിയതെന്നുമായിരുന്നു മോഹന്‍ലാല്‍ വിശദീകരിച്ചത്.

ലാലിസത്തിനെതിരെ സിനിമ രംഗത്തുള്ളവരും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ദേശീയശ്രദ്ധ നേടുന്ന ഇത്തരമൊരു വേദിയില്‍ ഇത്ര നിലവാരം കുറഞ്ഞ ഒരു പരിപാടി അവതരിപ്പിക്കാന്‍ അനുമതി കൊടുത്തതു വഴി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കിട്ടിയ ഗുണമെന്താണെന്ന് വ്യക്തമാക്കാണമെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു.
യുവ
സംവിധായകന്‍ ജൂഡ് ആന്റണിയും രംഗത്തെത്തി. ലാലിസത്തെ ‘അറുബോറന്‍ ബാന്‍ഡ്‘ എന്നാണ് ജൂഡ് ആന്റണി വിശേഷിപ്പിച്ചത്.


സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ.......

“ഇന്നലെ രാത്രി 'ലാലിസം' എന്ന പരിപാടി തീരുന്നതു വരെ ദൂരദര്‍ശനില്‍ അതു കണ്ടുകൊണ്ടിരുന്നു. ഈ പരിപാടിക്ക് രണ്ട് കോടി രൂപ പ്രതിഫലം വളരെ കൂടുതലാണ് എന്ന ആക്ഷേപം ഉന്നയിച്ച ഒരാള്‍ എന്ന നിലയില്‍ അതു മുഴുവന്‍ കാണാനും എനിക്കു തെറ്റു പറ്റിപ്പോയിട്ടുണ്ടെങ്കില്‍ അതിന് ശ്രീ മോഹന്‍ലാലിനോട് ഇന്നു രാവിലെ ഖേദം പ്രകടിപ്പിക്കാനും ഞാന്‍ തയ്യാറായിരുന്നു. ഒരു പരിപാടി അതിന്റെ അരങ്ങേറ്റ വേദിയില്‍ മോശമായിപ്പോയി എന്നതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടോ അധിക്ഷേപിച്ചിട്ടോ കാര്യമില്ല. ഇനിയും പല വേദികളിലൂടെ അതു നന്നാക്കാന്‍ കഴിഞ്ഞേക്കാം. അതൊന്നുമല്ല ഇവിടെ പ്രശ്നം. ഈ അരങ്ങേറ്റ പരിപാടിക്ക് നമ്മുടെ സര്‍ക്കാര്‍ രണ്ടു കോടി ചിലവാക്കിയത് എന്തു മാനദണ്ഡത്തിലായിരുന്നു എന്ന് മനസ്സിലാകുന്നില്ല. ദേശീയശ്രദ്ധ നേടുന്ന ഇങ്ങനൊരു വേദിയില്‍ ഇത്ര നിലവാരം കുറഞ്ഞ ഒരു പരിപാടി അവതരിപ്പിക്കാന്‍ കൊടുത്തതു വഴി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കിട്ടിയ ഗുണമെന്താണെന്ന് അദ്ദേഹം വ്യക്തമാക്കാണം. ഒരു കോടി രൂപയുടെ അഴിമതിയെങ്കിലും ഈ ഒരൊറ്റ പ്രോഗ്രാമിലുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ അതിനെ താങ്കള്‍ക്കെങ്ങനെ നേരിടാന്‍ പറ്റും? ലാലിസത്തില്‍ കൂടെ പങ്കെടുക്കുന്ന ധാരാളം പേര്‍ക്ക് വീതിച്ചുകൊടുക്കാനാണ് ഈ തുക എന്ന് ശ്രീ മോഹന്‍ലാല്‍ ഇന്നലെ പ്രസ്സ് മീറ്റില്‍ പറഞ്ഞല്ലോ? ഞാന്‍ കൂടുതലൊന്നും പറയുന്നില്ല, സത്യസന്ധമായി ആ കാര്യങ്ങള്‍ അദ്ദേഹം തന്നെ ഒന്നു വിലയിരുത്തുക.

ഷോയെയും അതിന്റെ സംവിധാനത്തേയും ടെക്നിക്കല്‍ നിലവാരത്തെയും ഇതിനെങ്ങനെ രണ്ടുകോടി രൂപ ചിലവായി എന്നതിനെയും പറ്റി കൂടുതലൊന്നും പറയുന്നില്ല. ശ്രീ മോഹന്‍ലാലും ശ്രീ രതീശ് വേഗയും ശ്രീ രാജീവ് കുമാറും ചേര്‍ന്ന് അക്കാര്യം വിശദീകരിക്കട്ടെ. പക്ഷേ ആരെങ്കിലും എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ചുപോയാല്‍ അവരെ അമ്മയും പെങ്ങന്‍മാരും ഉള്ളവര്‍ പറയാത്ത പച്ചത്തെറി വിളിച്ച് ആക്ഷേപിക്കുന്ന താങ്കളുടെ ചില ഫാന്‍സ് സുഹൃത്തുക്കളെ ഇനിയെങ്കിലും നിയന്ത്രിക്കാന്‍ താങ്കള്‍ തയ്യാറായില്ലെങ്കില്‍ അതു സാംസ്കാരിക കേരളത്തോട് ചെയ്യുന്ന നന്ദികേടാണ്. കാരണം താങ്കളെ ഇത്രയും ആരാധനയോടെ കാണുന്ന ഒരു സമൂഹം മുഴുവന്‍ വായിക്കുന്ന ഓണ്‍ലൈന്‍ പോസ്റ്റുകളില്‍ താങ്കളുടെ ഫാന്‍സുകാരെന്ന പേരോടുകൂടി താങ്കളുടെ ചിത്രവും വെച്ച് കേട്ടാല്‍ അറക്കുന്ന ആഭാസത്തരം എഴുതുന്നവരുടെ പ്രതിരോധം താങ്കള്‍ക്കു ഗുണകരമായിരിക്കില്ല. എനിക്കതില്‍ താങ്കളോടും താങ്കളുടെ ഫാന്‍സ് സുഹൃത്തുക്കളോടും സഹതാപമേയുള്ളു. കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ എഴുതിവെക്കുന്ന പച്ചത്തെറി പലതും എന്റെ പേജില്‍ നിന്നു ഞാന്‍ delete ചെയ്യുകയായിരുന്നു. കാരണം എന്റെ ഫേസ്ബുക്കില്‍ കൂടി ആ വൃത്തികേടുകള്‍ മറ്റുള്ളവര്‍ വായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. താങ്കളുടെ മൗനാനുവാദത്തോടു കൂടിയുള്ള ഈ പരിപാടി ഇനിയെങ്കിലും നിര്‍ത്തണം. ലാലിസം തുടരട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.”

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ......

“ഇതിന്‍റെ താഴെ വന്നേക്കാവുന്ന തെറി കമ്മന്റുകള്‍ ഓര്‍ത്തപ്പോള്‍ എഴുതണ്ട എന്ന് കരുതി ആദ്യം. പക്ഷേ പറയാതെ വയ്യ. നല്ല അറുബോറന്‍ ബാന്‍ഡ്. ലാലേട്ടന്‍റെ പേര് കളയാന്‍ ”.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :