ഹൈക്കോടതി പരാമര്‍ശം ശരിയായില്ല: കോടിയേരി

കൊച്ചി| WEBDUNIA| Last Modified വെള്ളി, 30 ജൂലൈ 2010 (20:44 IST)
മാഫിയകളുടെ പിടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന ഹൈക്കോടതി വിമര്‍ശനത്തിനെതിരെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കോടതിയുടെ പരാമര്‍ശം ശരിയായില്ലെന്ന് കോടിയേരി പറഞ്ഞു. ആവശ്യമെങ്കില്‍ ഈ പരാമര്‍ശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കോടിയേരി പറഞ്ഞു.

ഒരു കരിങ്കല്‍ ക്വാറിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ പട്ടാളത്തെ വിളിക്കാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. മാവോയിസ്റ്റുകളെ നേരിടുന്നതിനു പോലും പട്ടാളത്തെ വിളിക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതിനെക്കുറിച്ച് ഹൈക്കോടതി പുനര്‍വിചിന്തനം നടത്തേണ്ടതാണ് - കോടിയേരി പറഞ്ഞു.

മുമ്പും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്തിയിട്ടുണ്ട്. എന്നാല്‍ ആ പരാമര്‍ശങ്ങളൊക്കെ സുപ്രീംകോടതി നീക്കം ചെയ്തിട്ടുണ്ട്. രാത്രികാലത്തും സ്ത്രീകള്‍ക്ക് ഭയം കൂടാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്ന അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. ക്രമസമാധാനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് വിവിധ ഏജന്‍സികളുടെ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട് - ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മലയാറ്റൂരിലെ ഒരു കരിങ്കല്‍ ക്വാറിക്കെതിരായ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി ഇന്ന് രൂക്ഷവിമര്‍ശനം നടത്തിയത്. മാഫിയകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമേ സര്‍ക്കാരിനെക്കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാവുകയുള്ളോ എന്ന് കോടതി ചോദ്യമുന്നയിച്ചു. പണമുള്ളവര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും മാത്രം സര്‍ക്കാരില്‍ നിന്ന് നേട്ടം ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സാധാരണക്കാര്‍ക്കു മാത്രമേ നിയമങ്ങള്‍ ബാധകമാവുകയുള്ളോ എന്ന് വ്യക്തമാക്കണം - കോടതി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :