സിനിമാപ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് വീണ്ടും ചര്‍ച്ച
കൊച്ചി|
WEBDUNIA|
Last Modified ചൊവ്വ, 29 ജൂണ്‍ 2010 (09:29 IST)
സംസ്ഥാനത്തെ ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് വീണ്ടും ചര്‍ച്ച നടക്കും. വിതരണക്കാരും തിയറ്റര്‍ ഉടമകളും തമ്മിലാണ് ചര്‍ച്ച നടക്കുക. കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നെങ്കിലും തിയറ്ററുകളില്‍ സിനിമ മാറുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡത്തെക്കുറിച്ച് വ്യക്തമായ ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്.
വിവിധ കാരണങ്ങള്‍ ഉന്നയിച്ച സിനിമകളുടെ റിലീസ് നിര്‍ത്തിവയ്ക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ചലച്ചിത്ര മേഖലയില്‍ പ്രതിസന്ധിയുണ്ടായത്. തിയറ്ററില്‍ നിന്ന് സിനിമ മാറുന്നതിനുളള മാനദണ്ഡമായ ഹോള്‍ഡോവര്‍ കണക്കാക്കുന്ന രീതി പരിഷ്കരിക്കണമെന്നായിരുന്നു വിതരണക്കാരുടെ പ്രധാന ആവശ്യം.
നിലവില്‍ മൂന്ന് ഷോകളുടെ കളക്ഷനാണ് മാനദണ്ഡമെങ്കില്‍ നൂണ്‍ ഷോ കൂടി പുതുതായി ഉള്‍പെടുത്തണം എന്നായിരുന്നു വിതരണക്കാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തിയറ്റര്‍ ഉടമകള്‍ ഇതിന് സമ്മതിച്ചിരുന്നു. എന്നാല്‍, ഹോള്‍ഡോവര്‍ കണക്കാക്കുമ്പോഴുളള കളക്ഷന്‍റെ ശതമാനം സംബന്ധിച്ച് ധാരണയിലെത്താന്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലും ഇരുപക്ഷത്തിനുമായില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് വിണ്ടും ചര്‍ച്ച നടത്തുന്നത്.