സൂഫിയയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 29 ജൂണ്‍ 2010 (14:42 IST)
PRO
കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്. കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് സൂഫിയയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. സൂഫിയയുടെ അപേക്ഷ പരിഗണിച്ചാണ്‌ കോടതി വിധി. ഭര്‍ത്താവ്‌ അബ്ദുള്‍ നാസര്‍ മദനിയെ കാണുന്നതിനായി ജില്ല വിട്ടുപോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ സൂഫിയ അപേക്ഷ നല്‍കിയിരുന്നു.

നാളെ മുതല്‍ മൂന്നു ദിവസത്തേക്കാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് എറണാകുളം ജില്ല വിട്ടുപോകുന്നതിന് സൂഫിയയ്ക്ക് തടസമില്ല. ഒരു മാസത്തെ ഇളവ് വേണമെന്നായിരുന്നു സൂഫിയയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ മദനി ഇപ്പോള്‍ കൊല്ലം അന്‍വാര്‍ശ്ശേരിയിലാണുള്ളത്‌. കേസില്‍ മദനി അറസ്റ്റ്‌ ചെയ്യപ്പെടാന്‍ സാധ്യതയുണ്‌ടെന്നും ഇതിന്‌ മുമ്പായി അദ്ദേഹത്തെ കാണാന്‍ അനുമതി വേണമെന്നുമായിരുന്നു സൂഫിയ കോടതിയില്‍ ആവശ്യപ്പെട്ടത്.

ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സൂഫിയ നേരത്തെ നല്‍കിയ അപേക്ഷ കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ വ്യക്തമാക്കിയാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന്‌ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം വീണ്ടും സൂഫിയ മദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :