താച്ചറും ചന്ദ്രസ്വാമിയുടെ അനുയായി?

ലണ്ടന്‍| WEBDUNIA|
PRO
വിവാദ ഇന്ത്യന്‍ ഗുരു ചന്ദ്രസ്വാമിയുടെ മാന്ത്രിക ശക്തികള്‍ ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അംഗീകരിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. 1975 -ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഡപ്യൂട്ടി കമ്മീഷണറായിരുന്ന നട്‌വര്‍ സിംഗാണ് ചന്ദ്രസ്വാമിയെ താച്ചര്‍ക്ക് പരിചയപ്പെടുത്തുന്നത്.

ബ്രൂണൈ സുല്‍ത്താന്‍, നാന്‍സി റീഗന്‍, എലിസബത്ത് ടെയ്‌ലര്‍ തുടങ്ങിയവരുടെ ആത്മീയ ഗുരുവായി അറിയപ്പെട്ടിരുന്ന സമയത്താണ് ചന്ദ്രസ്വാമി ബ്രിട്ടീഷ് പ്രധാ‍നമന്ത്രിയെ കാണാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം താച്ചറോട് പറഞ്ഞപ്പോള്‍ 10 മിനിറ്റ് സമയം മാത്രമാണ് നല്‍കിയതെന്നും സിംഗ് പറഞ്ഞതായി ‘ഡെയ്‌ലി ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ഇരുവരും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ താച്ചറുടെ മനോഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായി. സ്വാമിയെ ഒരു വിശുദ്ധനായി കണക്കാക്കിയ താച്ചര്‍ അടുത്ത പ്രാവശ്യം കാണുമ്പോള്‍ സ്വാമി പറഞ്ഞത് അനുസരിച്ച് ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കാമെന്നും ഒരു മാന്ത്രിക ഏലസ് കൈയ്യില്‍ കെട്ടാമെന്നും സമ്മതിച്ചു എന്നും നട്‌വര്‍ സിംഗ് വെളിപ്പെടുത്തുന്നു.

ചന്ദ്രസ്വാമി താച്ചര്‍ക്ക് അഞ്ച് പേപ്പര്‍ കഷണങ്ങള്‍ നല്‍കി. ഓരോന്നിലും ഓരോ ചോദ്യം എഴുതാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം സ്വാമി സോഫയില്‍ പദ്മാസനത്തില്‍ കണ്ണടച്ച് ധ്യാനത്തിലിരുന്നുകൊണ്ട് താച്ചര്‍ എഴുതിയ ഓരോ ചോദ്യങ്ങളും മനക്കണ്ണിലൂടെ വായിച്ചു. ഈ സമയം ബ്രിട്ടന്റെ പ്രധാനമന്ത്രി സ്വാമിയുടെ ആരാധകയായി മാറിക്കഴിഞ്ഞിരുന്നു.

ഇരുവരും തമ്മില്‍ സംസാരം തുടരവെ, “സൂര്യന്‍ അസ്തമിച്ചു” എന്ന് സ്വാമി പറയുകയും അങ്ങനെ കൂടിക്കാഴ്ച അവസാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :