'സ്‌പൈസ് റൂട്ട്' പുനരുജ്ജീവിപ്പിക്കാനുള്ള കേരളത്തിന്റെ പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ പിന്തുണ
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ഒരു സഹസ്രാബ്ദത്തിനു മുമ്പ് കേരളത്തില്‍ നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് മലഞ്ചരക്കുകളും മറ്റും കൊണ്ടുപോയിരുന്ന 'സ്‌പൈസ് റൂട്ട്' പുനരുജ്ജീവിപ്പിക്കുന്നു. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ത്രിദിന സമ്മേളനത്തില്‍ പുരാതനമായ ഈ വ്യാപാര പാതയെപ്പറ്റിയുള്ള പ്രധാനപ്പെട്ട സെഷന്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചത്.
വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഡണ്‍ഹ്വാങ്ങില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നു വരെ നടന്ന സില്‍ക്ക് റോഡ് ടൂറിസത്തെപ്പറ്റിയുള്ള രാജ്യാന്തര സമ്മേളനത്തില്‍ കേരള ടൂറിസം സെക്രട്ടറി സുമന്‍ ബില്ലയാണ് സ്‌പൈസ് റൂട്ടിനെപ്പറ്റിയുള്ള അവതരണം നടത്തിയത്. ഏഷ്യയിലേയും യൂറോപ്പിലേയും 31 രാജ്യങ്ങള്‍ ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായും സ്‌പൈസ് റൂട്ട് വഴി ബന്ധിപ്പിക്കപ്പെട്ടിരുന്നതിന്റെ പ്രാധാന്യമാണ് അവതരണത്തില്‍ സുമന്‍ ബില്ല ചൂണ്ടിക്കാട്ടിയത്.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള മലഞ്ചരക്ക് വ്യാപാരികളുടെ ഇന്ത്യയിലേക്കുള്ള പ്രധാന പ്രവേശന കവാടമായിരുന്ന മുസ്സിരിസില്‍ സമീപനാളുകളില്‍ നടത്തിയ ഖനനങ്ങളിലൂടെ കണ്ടെത്തിയ പുരാവസ്തുക്കള്‍, സ്‌പൈസ് റൂട്ടിന്റെ ചരിത്രപരമായ പ്രാധാന്യം ആധുനിക ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സഹായകമായതായി സുമന്‍ ബില്ല പറഞ്ഞു.
ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാന്‍, ബര്‍മ, ചൈന, ഡെന്‍മാര്‍ക്ക്, ഈജിപ്റ്റ്, എറിട്രിയ, എതോപ്യ, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇന്‍ഡോനേഷ്യ, ഇറാന്‍, ഇറാക്ക്, ഇറ്റലി, ജോര്‍ദാന്‍, ലെബനന്‍, മലേഷ്യ, മൊസാംബിക്, നെതര്‍ലന്‍ഡ്‌സ്, ഒമാന്‍, പാക്കിസ്ഥാന്‍, പോര്‍ച്ചുഗല്‍, സൗദി അറേബ്യ, സൊമാലിയ, സ്‌പെയ്ന്‍, ശ്രീലങ്ക, സിറിയ, തുര്‍ക്കി, യുകെ, യമന്‍ എന്നിവയാണ് ചരിത്രത്തിന്റെ ഭാഗമായ ഈ സമുദ്രവ്യാപാരപാതയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു രാജ്യങ്ങള്‍.