ഐക്യരാഷ്ട്രസഭയുടെ പുരസ്‌ക്കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങി

ബഹ്‌റൈന്‍| WEBDUNIA|
PRO
കേരളത്തിന്റെ അഭിമാനം ഉയര്‍ത്തി പൊതുജന സേവനത്തിനുളള ഐക്യരാഷ്ട്രസഭയുടെ പുരസ്‌ക്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബഹ്‌റൈനില്‍ ഏറ്റുവാങ്ങി. ഏഷ്യാ പെസഫിക് മേഖലയിലുളള മികച്ച പൊതുജന സേവനത്തിനുളള അവാര്‍ഡ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണില്‍ നിന്നാണ് മുഖ്യമന്ത്രി ഏറ്റുവാങ്ങിയത്.

ബഹ്‌റൈന്‍ നാഷണല്‍ തീയേറ്ററില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് പൊതുജന സേവനത്തിനുള്ള യുഎന്‍ പുരസ്‌ക്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങിയത്. ഐക്യരാഷ്ട്രസഭയുടെ പൊതുസേവന ദിനാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അവാര്‍ഡിന് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയകരമായ നടത്തിപ്പാണ് മുഖ്യമന്ത്രിയെ അര്‍ഹനാക്കിയത്.

യു‌എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ വുഹുങ്ങ്ബോയാണ് മുഖ്യമന്ത്രിക്ക് അവാര്‍ഡ് സമ്മാനിച്ചത്. ലോക രാജ്യങ്ങളെ അഞ്ചു മേഖലകളായി തിരിച്ച് ഏഷ്യാ പെസഫിക്കിലെ 50 രാജ്യങ്ങളോട് മത്സരിച്ചാണ് കേരള മുഖ്യമന്ത്രി പുരസ്ക്കാരം കരസ്ഥമാക്കിയത്. ബഹ്റൈന്‍ സന്ദര്‍ശനത്തിന് എത്തിയ മുഖ്യമന്ത്രിക്ക് ബഹ്റൈന്‍ രാജാവും കിരീടാവകാശിയും പ്രത്യേകം വിരുന്നും ഒരുക്കിയിരുന്നു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പാലസിലാണ് മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കിയത്. മന്ത്രി കെ സി ജോസഫ്, പ്രമുഖ വ്യവസായി എം എ യൂസഫലി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വിരുന്നില്‍ പങ്കെടുത്തു.

പൊതുജനസമ്പര്‍ക്ക പരിപാടിയുടെ അടുത്തഘട്ടം പൂര്‍ണമായും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണ്. കേരളത്തില്‍ ഇ- ഭരണത്തിന്റെ വ്യാപ്തി കൂട്ടാന്‍ അത് സഹായമാകുമെന്നും എല്ലാ പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നുംജില്ലാഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും തലത്തില്‍ പരിഹൃതമാകാത്തവ താന്‍ നേരിട്ടു കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :