സ്വയം തിരുത്താത്തവരെ പുറത്താക്കണം: പിണറായി അവതരിപ്പിച്ച സംഘടനാരേഖ

പാലക്കാട്| WEBDUNIA|
PRO
പാര്‍ട്ടിയിലെ ജീര്‍ണത വിഭാഗീയതയുടെ ഉത്പന്നമാണെന്നും വിഭാഗീയതയുടെയും മറ്റ് സംഘടനാവിരുദ്ധ കാര്യങ്ങളുടെയും ഭാഗമായവര്‍ സ്വയം തിരുത്തലിന് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും സി പി എം നാലാം പ്ലീനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാരേഖ. ജീര്‍ണത പരിഹരിക്കുന്നതില്‍ മേല്‍ഘടകങ്ങള്‍ക്കും വീഴ്ച പറ്റിയെന്നും പാര്‍ട്ടിയുടെ ശക്തിക്കൊത്ത പ്രകടനം നടത്താന്‍ കഴിയുന്നില്ലെന്നും വര്‍ത്തമാനകാല ശൈലി സ്വീകരിക്കണമെന്നും സംഘടനാരേഖയില്‍ പറയുന്നു.

ചിലയിടങ്ങളില്‍ പാര്‍ട്ടിനേതാക്കളെ ജനം പേടിക്കുന്ന അവസ്ഥയുണ്ടെന്ന് പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാരേഖയില്‍ പറയുന്നു. ചില അംഗങ്ങള്‍ക്ക് സമ്പത്ത് ആര്‍ജ്ജിക്കാനുള്ള ആര്‍ത്തി കൂടി. അംഗങ്ങളില്‍ ആഡംബരപ്രിയം കൂടുകയാണ്. ചില ഉന്നത നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സ്വഭാവശുദ്ധി കുറയുന്നു. ചില അംഗങ്ങള്‍ ഭൂമി കച്ചവടക്കാരും അമിത പലിശക്കാരുമായി മാറുന്നു. ചിലര്‍ മണല്‍ മാഫിയയെ സഹായിക്കുന്നു - സംഘടനാരേഖയില്‍ പറയുന്നു.

ബഹുജനപ്രസ്ഥാനമായി പാര്‍ട്ടിയെ മാറ്റുന്നതിന് ഇപ്പോഴും തടസങ്ങള്‍ നിലനില്‍ക്കുകയാണ്. പല ബ്രാഞ്ച് കമ്മിറ്റികളും പ്രവര്‍ത്തന രഹിതമാണ്. പാര്‍ട്ടി ഏറ്റെടുത്ത പല സമരങ്ങളും ഫലം കാണാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് മടുപ്പുണ്ടായിട്ടുണ്ട് - രേഖയില്‍ പറയുന്നു.

ചില നേതാക്കള്‍ക്ക് മാധ്യമങ്ങളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാരേഖയില്‍ പറയുന്നു. ഇത്തരക്കാര്‍ പാര്‍ട്ടിയെ ഒറ്റുകൊടുക്കുകയാണ്. പാര്‍ട്ടിവാര്‍ത്തകള്‍ ചോരുന്നത് നിര്‍ഭാഗ്യകരമാണ്. മാധ്യമങ്ങളുമായി വഴിവിട്ട ബന്ധമുള്ള പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇതിന് പിന്നില്‍. പഴയ സംഘടനാബന്ധം വച്ച് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ ചോര്‍ത്തുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പ്രൊഫഷണല്‍ മികവ് കാണിക്കുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അങ്ങനെ മികവ് കാണിക്കാനാകുന്നില്ല - സംഘടനാരേഖയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :