കൊച്ചി|
സജിത്ത്|
Last Modified ശനി, 4 ജൂണ്‍ 2016 (09:07 IST)
ഡി ജി പി സെന്‍കുമാറില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് താനെന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്ത ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് മേധാവി സ്ഥാനത്തു നിന്നും ഒഴിഞ്ഞശേഷം ബെഹ്‌റയാവാന്‍ തനിക്കൊരിക്കലും സാധിക്കില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ബെഹ്‌റ ഇത്തരത്തില്‍ പ്രതികരിച്ചത്.
സ്ത്രീ സുരക്ഷയ്ക്കു മാത്രമായി ഒരു പുതിയ പദ്ധതി തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍ഭയ പദ്ധതി എന്ന പേരിലൊന്നും വലിയ കാര്യമില്ല. അത് തുടങ്ങിയപ്പോള്‍ ഉണ്ടായ പ്രവര്‍ത്തനമൊന്നും ഇപ്പോള്‍ ഇല്ല. അതിന്റെ പ്രവര്‍ത്തനമെല്ലാം നിലച്ചപോലെയാണ്. പൊലീസ് സേനയില്‍ പത്തുശതമാനം പോലും സ്ത്രീകള്‍ ഇല്ലെന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഉടന്‍ തന്നെ റിക്രൂട്ട്‌മെന്റ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സേനയില്‍ ഏറ്റവും താഴെത്തട്ട് മുതല്‍ ഉന്നതര്‍ വരെ അഴിമതിക്കാരാണെന്നാണ് ജനം പറയുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ ഒരു ഡാറ്റാബേസ് ഉടന്‍തന്നെ ഉണ്ടാക്കും. എസ് ഐ മുതല്‍ എ ഡി ജി പി വരെയുളള എല്ലാവരും അതിലുള്‍പ്പെടും. പൂജ്യം മുതല്‍ പത്ത് മാര്‍ക്ക് വരെയായിരിക്കും ഓരോരുത്തര്‍ക്കും നല്‍കുക. ഇതില്‍ പത്ത് മാര്‍ക്ക് കിട്ടുന്നവര്‍ വലിയ കള്ളന്മാരും പൂജ്യം മാര്‍ക്ക് കിട്ടുന്നവര്‍ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുമായിരിക്കും. തുടര്‍ന്ന് ഇത്തരം വലിയ കള്ളന്മാര്‍ക്കെതിരായ പട്ടിക സംസ്ഥാന സര്‍ക്കാറിനു കൈമാറുകയും അത്തരക്കര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബഹ്‌റ വ്യക്തമാക്കി.