aparna shaji|
Last Modified ശനി, 1 ഏപ്രില്‍ 2017 (13:02 IST)
ബ്രിട്ടന്‍ ഭരണാധികാരി എലിസബത്ത് രാജ്ഞി ഉടന്‍ കേരളം സന്ദര്‍ശിക്കും. ഇതാദ്യമായാണ് എലിസബത്ത് രാജ്ഞി കേരളത്തിലേക്കെത്തുന്നത്. രാജ്ഞിയുടെ ഭര്‍ത്താവ് പ്രിന്‍സ് ഫിലിപ്പ് നേരത്തെ കേരളം സന്ദര്‍ശിച്ചിരുന്നു. എലിസബത്ത് രാജ്ഞി കേരളത്തിലെത്തിയാൽ അതിന്റെ ഫുൾ ക്രെഡിറ്റും ബി ജെ പി എം പിയും നടനുമായ സുരേഷ് ഗോപിയ്ക്കാണ്. കാരണമുണ്ട്.
സുരേഷ് ഗോപിയാണ് രാജ്ഞിക്ക് കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്തി കൊടുത്തത്. അതും അങ്ങ് ലണ്ടനിൽ വെച്ച്. ഇന്ത്യയുടെ സാംസ്‌ക്കാരിക വാര്‍ഷികാചരണത്തിന്റെ ഭാഗമായി അടുത്തിടെ ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സംഘത്തില്‍ സുരേഷ് ഗോപിയുമുണ്ടായിരുന്നു. അന്ന് കാവി നിറമുളള കോട്ട് ധരിച്ച സുരേഷ് ഗോപിയെ രാജ്ഞി ശ്രദ്ധിച്ചിരുന്നു. താങ്കളുടെ കോട്ട് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ രാജ്ഞി സുരേഷ് ഗോപിയുമായി ഏറെസമയം സംസാരിക്കുകയും ചെയ്തിരുന്നു.
രാജ്ഞിയുമായി സംസാരിച്ച താരം കേരളത്തെ കുറിച്ചും പറഞ്ഞു കൊടുത്തുവത്രേ. കേരള കൗമുദി ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിന്റെ വൈവിദ്ധ്യവും പ്രകൃതിഭംഗിയും രാജ്ഞിയോട് വിവരിച്ചെന്നും പറയുന്നു. സുരേഷ് ഗോപിയുമായുള്ള സംഭാഷണത്തിന് ശേഷം രാജ്ഞിക്ക് കേരളം സന്ദര്‍ശിക്കണമെന്ന മോഹമുദിച്ചു. രാജ്ഞി കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുവെന്ന വിവരം ബക്കിംഗ്ഹാം കൊട്ടാരം അടുത്തിടെയാണ് സുരേഷ് ഗോപിയെ അറിയിച്ചത്.
കൊട്ടാരത്തിൽ നിന്നും വിവരം അറിഞ്ഞയുടൻ താരം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
രാജ്ഞി വരുന്നതില്‍ സന്തോഷം മാത്രമേയുള്ളുവെന്ന് പറഞ്ഞ മുഖ്യമന്ത്രി സന്ദര്‍ശനം മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിര്‍ദേശവും നല്‍കി. തിരഞ്ഞെടുപ്പിന് ശേഷം ഉചിതമായ തീയതി തീരുമാനിച്ച് അറിയിക്കാമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. സുരേഷ് ഗോപിയും ഈ തീരുമാനത്തോട് യോജിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എപ്പോളായിരിക്കും ആ സുദിനം എന്ന ആകാംഷയിലാൺ മലയാളികൾ.