ഗവേഷണ വിദ്യാര്‍ത്ഥിനി ഇന്ദുവിന്റെ മരണം സംബന്ധിച്ച കേസില്‍ പൊലീസ് ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസില്‍ യാത്ര ചെയ്ത ഇന്ദുവിന്റെ മൃതദേഹം പെരിയാറില്‍ നിന്ന് കണ്ടെടുത്ത കേസില്‍ സാക്ഷികളില്ലാത്തതിനെത്തുടര്‍ന്നാണിത്.
ട്രെയിനില്‍ ഇന്ദുവിന്റെ ഒപ്പമുണ്ടായിരുന്ന എന്‍ ഐ ടി അധ്യാപകന്‍ സുഭാഷിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്‍ ഐ ടിയില്‍ നിന്നാണ് ഇയാളുടെ ലാപ്ടോപ്പ് കണ്ടെടുത്തത്. ഇതോടൊപ്പം ഇന്ദു ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. ഇരുവര്‍ക്കും പരസ്പരം സംസാരിക്കാന്‍ മാത്രമായി ഉപയോഗിച്ചിരുന്ന മൊബൈയില്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഇവയെല്ലാം ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും. സൈബര്‍സെല്ലിന്റെ സഹായത്തോടെയാവും ഇത്.
ഇന്ദുവും താനും പ്രണയത്തിലായിരുന്നെന്ന് സുഭാഷ് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം ഇഷ്‌ടമല്ലാത്തതിനാല്‍ ഇന്ദുവിന്റെ വീട്ടുകാര്‍ ഈ പെണ്‍കുട്ടിയ്ക്ക് വേറെ വിവാഹം നിശ്ചയിക്കുകയായിരുന്നു.
സുഭാഷിനെ കോഴിക്കോട് റയില്‍വേ പൊലീസ് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്തു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആലുവ ചെങ്ങമനാടിന് സമീപം പെരിയാറില്‍ കണ്ടംതുരുത്ത് ഭാഗത്ത് നിന്നാണ് ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ദു മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഈ പെണ്‍കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാവാം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.