കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍റെയും ഉപാധ്യക്ഷന്‍ വി ഡി സതീശന്‍റെയും പാട്ടപ്പറമ്പിലല്ല എന്‍ എസ് എസ് എന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കോണ്‍ഗ്രസുകാര്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല മന്നം സമാധിയെന്നും സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു.
എന്‍ എസ് എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മടങ്ങിയ വി എം സുധീരനെയും സമുദായങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തിയ വി ഡി സതീശനെയും രൂക്ഷമായി വിമര്‍ശിച്ചാണ് സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്. സമുദായനേതാക്കളുടെ നെഞ്ചത്ത് കയറി താണ്ഡവമാടുന്ന നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ അത് കോണ്‍ഗ്രസിന്‍റെ അവസാനമാണ്. വി എം സുധീരന്‍ പ്രാഥമികമായ മര്യാദ കാണിച്ചില്ല - സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്‌സിനെയും മന്നത്ത് പത്മനാഭനെയും അപമാനിക്കാനാണ് സുധീരന്‍ ശ്രമിച്ചത്. എനിക്കുവേണ്ടി പത്ത് മിനിട്ട് പോലും കാത്തു നില്‍ക്കാന്‍ സുധിരനു കഴിഞ്ഞില്ല. എന്‍എസ്‌എസ് ആരെയും ഇങ്ങോട്ട് കെട്ടിയെഴുന്നെള്ളിച്ചിട്ടില്ല. എന്‍എസ്‌എസ് നേതാക്കളെ കാണാനെത്തുന്നവര്‍ അവരുടെ സൌകര്യങ്ങള്‍കൂടി പരിഗണിക്കണം - സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ സമുദായ നേതാക്കള്‍ ഇടപെടരുതെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. സമുദായ നേതാക്കള്‍ അവരുടെ മേഖലയില്‍ പ്രവര്‍ത്തിക്കട്ടെ, ഞങ്ങള്‍ ഞങ്ങളുടെ മേഖലയിലും പ്രവര്‍ത്തിക്കാം - സുധീരന്‍ പറഞ്ഞു. താന്‍ സുകുമാരന്‍ നായരെ കാണാതിരുന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ തന്നെ വെറുതെ വിടൂ എന്നും സുധീരന്‍ പറഞ്ഞു.
സുകുമാരന്‍ നായരെ കാണാന്‍ കഴിയാതിരുന്നത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല. ചിന്തിക്കുക പോലും ചെയ്യാത്ത കാര്യം വിവാദമായതില്‍ ദുഃഖമുണ്ട്. സമുദായ നേതാക്കളോട് ബഹുമാനം മാത്രമേ ഉള്ളൂ. എന്നാല്‍ സുകുമാരന്‍ നായരുമായി ചര്‍ച്ചയ്ക്ക് പറ്റിയ സമയമായിരുന്നില്ല രാവിലത്തേത്. പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.
സമുദായ നേതാക്കന്മാര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരാകരുത് രാഷ്ട്രീയ നേതാക്കന്മാരെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് സമുദായ സംഘടനകളല്ല. എല്ലാ സമുദായത്തിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരുണ്ട്. സ്ഥാനാര്‍ത്ഥികളെ സമുദായ സംഘടനകള്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ പാര്‍ട്ടി പിരിച്ചുവിടേണ്ടിവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.