സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് സിറിയിക് ജോസഫിനെതിരായ പ്രമേയം കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പാസാക്കി. 180 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ആറുപേര്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.
അഭയ കേസിലെ ഇടപെടലും ക്രിസ്ത്യന്‍ സഭകളെക്കുറിച്ച് നടത്തിയ പരമാര്‍ശവും അടക്കം രണ്ട് പ്രധാന ആരോപണങ്ങളാണ് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പ്രമേയത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസിന്‍റെ നടപടി ഭരണഘടനാ വിരുദ്ധവും ജുഡീഷ്യറിയുടെ മാന്യതക്ക് കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
സംഭവത്തെക്കുറിച്ച് സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സിറിയിക ജോസഫ് തയ്യാറാവണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് പ്രമേയം പാസാക്കിയത്.
ജുഡീഷ്യല്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നതിന്‍റെ പേരില്‍ സിറിയിക് ജോസഫിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ കൊണ്ടുവന്ന പ്രമേയം നേരത്തെ തള്ളിയിരുന്നു. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിറിയിക് ജോസഫ് അഭയ കേസിലെ പ്രതികളെ നാര്‍കോ പരിശോധനയ്ക്കു വിധേയമാക്കിയതിന്റെ വിഡിയോ ടേപ്പുകള്‍ ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ നേരിട്ടെത്തി വിലയിരുത്തിയെന്ന സി ബി ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രമേയം.