സിപിഎമ്മിന്റെ പരീക്ഷണം വിജയിക്കില്ല: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അക്രമം നടത്തി ഭീഷണിപ്പെടുത്തി സര്‍ക്കാരിനെ പിന്നോട്ടാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. സി പി എമ്മിന്റെ ആ പരീക്ഷണം വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘടിതമായി ഭീഷണിപ്പെടുത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന്‌ സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ്‌ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെറ്റ്‌ ചെയ്താല്‍ ഭരണപക്ഷമായാലും പ്രതിപക്ഷമായാലും നിയമപരമായി ശിക്ഷിക്കണമെന്ന സമീപനമാണ്‌ സര്‍ക്കാരിന്റേത്. നടപടികളെ നിയമപരമായി നേരിടാന്‍ സിപിഎം ശ്രമിക്കാത്തത്‌ കുറ്റബോധം കൊണ്ടാണെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. നിയമവാഴ്ച ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള സമീപനമാണ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. വ്യാപകമായ അക്രമം അഴിച്ചുവിട്ട്‌ പാര്‍ട്ടി ഓഫീസുകളും വീടുകളും തകര്‍ത്ത്‌ നാട്ടില്‍ അരാജകത്വം സൃഷ്‌ടിച്ച്‌, ഗവണ്‍മെന്റിനെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ല. ഈ സര്‍ക്കാരിന്‌ പകപോക്കല്‍ നയം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമണി പി നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, ടി എന്‍ പ്രതാപന്‍ എം എല്‍ എയെ പി സി ജോര്‍ജ് ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചത് സംബന്ധിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ ഉമ്മന്‍‌ചാണ്ടി തയ്യാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :