കൊച്ചി|
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (18:01 IST)
കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. കാലിന് നടത്തിയ ശസ്ത്രക്രിയ വിജയമായതിനെ സിദ്ധാര്‍ത്ഥിനെ ഡോക്ടര്‍മാര്‍ നടത്തിക്കാന്‍ ശ്രമിച്ചു.
കാലിന് വേദനയുണ്ടെങ്കിലും നടത്തിക്കുന്നത് പെട്ടെന്നുതന്നെ പഴയനിലയിലേക്ക് തിരിച്ചെത്താന്‍ സഹായിക്കുമെന്നാണ് ഡോക്‍ടര്‍മാര്‍ നല്‍കുന്ന വിവരം. കാലിനൊപ്പം കൈയിലെ പരുക്കിനും ശനിയാഴ്ച ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ട് ആഴ്ചയ്ക്കകം സിദ്ധാര്‍ത്ഥിന് ആശുപത്രി വിടാനാകുമെന്നാണ് വിവരം.
എല്ലാ കാര്യങ്ങളും കൃത്യമായി ഓര്‍മ്മിക്കാനും സംസാരിക്കാനും സിദ്ധാര്‍ത്ഥിന് കഴിയുന്നുണ്ട്. അമ്മ കെ പി എ സി
ലളിത എപ്പോഴും മകനൊപ്പം ആശുപത്രിയില്‍ തന്നെയുണ്ട്.
സെപ്റ്റംബര്‍ 12നാണ് സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന കാര്‍ കൊച്ചി ചമ്പക്കരയില്‍ ഒരു മതിലില്‍ ഇടിച്ച് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടാകുകയും ചെയ്തിരുന്നു. തന്‍റെ മൂന്നാമത്തെ സംവിധാന സംരംഭത്തിന്‍റെ ചര്‍ച്ചകള്‍ക്ക് ശേഷം ഫ്ലാറ്റിലേക്ക് മടങ്ങവേയാണ് സിദ്ധാര്‍ത്ഥ് അപകടത്തില്‍പെടുന്നത്.