Last Modified ചൊവ്വ, 15 സെപ്റ്റംബര്‍ 2015 (15:22 IST)
‘പത്രം’ എന്ന സിനിമ കണ്ടിട്ടുള്ളവര്‍ ആ ചിത്രത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെയും മറക്കാനിടയില്ല. ദേവികാ ശേഖര്‍ എന്ന മാധ്യമപ്രവര്‍ത്തകയായി തീ പാറുന്ന ഡയലോഗുകള്‍ പറഞ്ഞ് കത്തിക്കയറിയ മഞ്ജു വാര്യര്‍ ആ സിനിമയുടെ വിജയത്തില്‍ പ്രധാന ഘടകമായിരുന്നു. അത്തരമൊരു തീപ്പൊരി കഥാപാത്രമായി മഞ്ജു വീണ്ടും വരുന്നു.
പുതിയ സിനിമയില്‍ മഞ്ജു ഒരു ഐ പി എസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് ചിത്രത്തിലെ നായകന്മാര്. അരുണ്‍ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ഒരു ഐപിഎസ് ഉദ്യോഗസ്ഥയുടെ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് അവതരിപ്പിക്കേണ്ടതുണ്ട്. ഇതിനായി കേരളത്തിലെ പ്രമുഖരായ ചില വനിതാ ഐ പി എസ് ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് കഥാപാത്രത്തിനുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് മഞ്ജു ഇപ്പോള്‍.
മയക്കുമരുന്നും അധോലോകവുമൊക്കെ വിഷയമാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍. ഷാന്‍ റഹ്മാനാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.