സോളാര്‍ തട്ടിപ്പിനു പിടിയിലായ സരിതാ എസ് നായരുടെ ഡ്രൈവര്‍ പന്തളം മുടിയൂര്‍ക്കോണം സ്വദേശി ശ്രീജിത്തിനെ കഴിഞ്ഞ രാത്രി മുതല്‍ കാണാതായതായി റിപ്പോര്‍ട്ട്. സരിതയും മുന്‍ മന്ത്രി ഗണേഷ് കുമാറും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു ശ്രീജിത്ത് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണു ശ്രീജിത്ത് സ്വകാര്യ ആവശ്യത്തിനു ഹൈദരാബാദില്‍ പോയി മടങ്ങിയെത്തിയത്. ഇതിനെ തുടര്‍ന്ന് ശ്രീജിത്തിനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയിരുന്നു. പൊലീസ് എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് ശ്രീജിത്തിനെ കാണാതായതായാണ് സൂചന. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരിക്കുകയാണിപ്പോള്‍.
തൃപ്പൂണിത്തുറയില്‍ ബിജുവും സരിതയും ചേര്‍ന്ന് സോളാര്‍ പാനല്‍ ഷോറൂം ആരംഭിച്ചപ്പോള്‍ ഉദ്ഘാടനത്തിനു ഗണേഷ്കുമാര് എത്തിയെന്നും അതിനു ശേഷം ഗണേശുമായി സരിതയ്ക്ക് അടുപ്പമുണ്ടായെന്നും സരിതയെ ഗണേഷ്കുമാറിന്റെ വീട്ടിലെത്തിച്ചിരുന്നു എന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.
ശ്രീജിത്ത് സരിതയോടൊപ്പം മൂന്നു മാസം മാത്രമാണു ജോലി ചെയ്തിട്ടുള്ളതെന്നും അവന് നിരപരാധിയാണെന്നും ശ്രീജിത്തിന്റെ പിതാവ് പറയുന്നു. ശ്രീജിത്തിനെ പിടിച്ചാല്‍ സരിത -ബിജു ഇടപാടുകള്‍ കൂടുതലായി അറിയാന്‍ കഴിയുമെന്ന് പൊലീസ് കരുതുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീജിത്ത് മുങ്ങിയതാവാനാണു കൂടുതല്‍ സാധ്യത എന്നും സൂചനയുണ്ട്.