സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുന്നവര്‍ പാര്‍ട്ടിയില്‍ കാണില്ല: കെഎം മാണി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ക്ക് മുതിരരുതെന്ന് കെ എം മാണിയുടെ മുന്നറിയിപ്പ്. പി സി ജോര്‍ജും ജോസഫ് വിഭാഗം നേതാക്കളും തമ്മില്‍ നടക്കുന്ന പരസ്യ പ്രസ്താവനകളെക്കുറിച്ചാണ് മാണിയുടെ വിമര്‍ശനം. അച്ചടക്ക ലംഘനങ്ങള്‍ ഗൌരവത്തോടെയാണ് പാര്‍ട്ടി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലുണ്ടായ പരാതി പരിഹരിച്ച് കഴിഞ്ഞതാണ്. സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും മാണി മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടി ചെയര്‍മാനു നല്‍കിയ കത്ത് പുറത്തു വിട്ടതിന് പിന്നില്‍ പിജെ ജോസഫ് വിഭാഗമാണെന്ന് പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു. തനിക്കെതിരെ പിജെ ജോസഫ്‌ വിഭാഗം നല്‍കിയ പരാതിക്കത്തു ചോര്‍ത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്‌. മനഃപ്പൂര്‍വം കെ എം മാണിയെ അപമാനിക്കാനും മോശക്കാരനാക്കാനും ആണ് അവരുടെ ശ്രമം. വഴിയെ പോവുന്നവരെ താക്കീതു ചെയ്യുകയല്ല കെ എം മാണിയുടെ ജോലിയെന്നും അദ്ദേഹം തന്നെ താക്കീത്‌ ചെയ്‌തിട്ടില്ലെന്നും പി സി ജോര്‍ജ്‌ പറഞ്ഞിരുന്നു.

സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കത്ത് കിട്ടിയിരുന്നില്ല. ഇക്കാര്യം കെ എം മാണി തന്നെ വ്യക്തമാക്കിയതാണ്. തന്റെ വായ് മൂടിക്കെട്ടാമെന്ന് ആരും കരുതേണ്ട എന്നും പ്രസ്താവന നിര്‍ത്താന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല എന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ജോര്‍ജിനെതിരേ ജോസഫ് വിഭാഗം നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നു. മാനസിക രോഗിയെന്ന് മറ്റുള്ളവരെക്കുറിച്ച് പറയുന്ന ആളാണ് മാനസിക രോഗിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് പ്രതികരിച്ചു. പാര്‍ട്ടിയില്‍ ജോര്‍ജ്ജിനെതിരെ പരസ്യമായി പരാതി നല്‍കിയിട്ടുണ്ട്. അത് ചവറ്റുകുട്ടയിലാണെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്. അങ്ങനെയെങ്കില്‍ കത്ത് ചോര്‍ന്നത് അങ്ങനെത്തന്നെയാകുമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.

കെഎം മാണിയുടെ പേര് ജോര്‍ജ്ജ് ദുരുപയോഗം ചെയ്യുകയാണെന്നും ജോര്‍ജ് ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആന്റണി രാജുവും അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :