ഗൌരിയമ്മയുടെ വാക്കുകള്‍ പുരുഷപീഡനം: വെള്ളാപ്പള്ളി

ആലപ്പുഴ| WEBDUNIA|
PRO
PRO
ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരായി ജെ എസ് എസ് നേതാവ് കെ ആര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പുരുഷപീഡനമെന്ന്‌ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫിലേക്ക്‌ പോകണമെന്ന ആഗ്രഹമാണ്‌ ഗൗരിയമ്മയ്ക്കുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗൗരിയമ്മയ്ക്ക്‌ യുഡിഎഫ്‌ വിടേണ്ടി വരുമെന്നും അങ്ങനെ വന്നാല്‍ ജെഎസ്‌എസ്‌ പിളരുമെന്നും ഈ ഘട്ടത്തിലാണ്‌ വിവാദങ്ങള്‍ ഉണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിവാദങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌ ഗൗരിയമ്മയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് ഏഴിനാണ് പി സി ജോര്‍ജിനെതിരെ വെളിപ്പെടുത്തലുമായി കെ ആര്‍ ഗൌരിയമ്മ രംഗത്ത് എത്തിയത്. ജോര്‍ജിനെ കാണാന്‍ കുഞ്ഞിനേയും എടുത്തുവന്ന സ്ത്രീയേ 2000 രൂപ കൊടുത്ത് പറഞ്ഞ് വിട്ടത് താന്‍ ഇടപെട്ടാണെന്ന് ഗൌരിയമ്മ വ്യക്തമാക്കി. ജോര്‍ജ് നിയമസഭയില്‍ വന്നകാലത്തെ സംഭവമാണ് ഇതെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍, ഗൗരിയമ്മയുടെ തലയ്ക്ക്‌ വല്ല കുഴപ്പവും കാണുമെന്ന് പി സി ജോര്‍ജ് ഇതിനോട് പ്രതികരിച്ചു. ടി വി തോമസ്‌ എന്ന്‌ ഓര്‍ത്താകും തന്റെ പേര്‌ പറഞ്ഞതെന്നും പി സി ജോര്‍ജ്‌ പറഞ്ഞു. ഗൗരിയമ്മ പറഞ്ഞ സ്ത്രീ തനിക്കെതിരേ നല്‍കിയത്‌ കള്ളക്കേസായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

ഇക്കാര്യം കോടതിയില്‍ ആ സ്ത്രീ സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ 500 രൂപ ചെലവിനത്തില്‍ തനിക്ക്‌ നല്‍കാന്‍ കോടതി വിധിച്ചതാണെന്നും ജോര്‍ജ്‌ പറഞ്ഞു. അടുക്കളപ്പണി ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയാണിത്‌. തന്റെ കല്യാണം കഴിഞ്ഞ ഉടനെയായിരുന്നു ഈ സ്ത്രീ ആരോപണമുന്നയിച്ചതെന്നും അതില്‍ അവര്‍ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും ജോര്‍ജ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :