സദാചാരപ്പൊലീസ്; മൂന്ന് കുട്ടികള്‍ കുടുങ്ങി

കായംകുളം| WEBDUNIA|
PRO
കായംകുളത്ത്‌ സദാചാര പോലീസ്‌ ചമഞ്ഞ്‌ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ്‌ അറസ്റ്റു ചെയ്തു. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ച വിഷ്ണു, ജിതിന്‍ എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റു ചെയ്തത്‌. സംഭവത്തിലെ മുഖ്യപ്രതികളെ കണ്ടെത്താന്‍ പോലീസ്‌ നേരത്തെ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.

ഇവരുടെ സുഹൃത്ത് കായംകുളം സ്വദേശി തനൂജാണ്(19) രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്നും ഡിവൈ.എസ്.പി. ദേവമനോഹര്‍ പറഞ്ഞു. തനൂജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എരുവ കോയിക്കല്‍പ്പടി ഇല്ലത്ത് ആഷിഖ്, ചെറുകാവില് പടീറ്റതില്‍ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ്‌ പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നത്‌.

നൂറനാട് പള്ളിക്കല്‍ പണയില്‍ നസ്രത് ഭവനം ബിജിത്ത് വിന്‍സന്‍റി(22)നാണ് മര്‍ദനമേറ്റത്. കണ്ണില്‍ ചോരയില്ലാത്ത വിധമാണ് ആഷിഖും ഫൈസലും ബിജിത്തിനെ മര്‍ദ്ദിച്ചതെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും. അനിമേഷന്‍ വിദ്യാര്‍ഥിയായ ബിജിത്ത് അടൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് സംഭവം. മെയ് 16ന് കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞമ്മയെ കാണാനെത്തിയതായിരുന്നു ബിജിത്ത്.

ആഷിഖും ഫൈസലും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ വിദേശത്തേക്ക്‌ കടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌. സദാചാരപ്പൊലീസ് വിളയാട്ടത്തിന് എന്തെങ്കിലും തീവ്രവാദ ബന്ധം ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :