സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ 7 മരണം

മലപ്പുറം/പത്തനംതിട്ട| WEBDUNIA|
പെരിന്തല്‍മണ്ണയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേരും മഞ്ചേരിക്കടുത്ത് കാവന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേരും മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല മാട് വളവില്‍ ഇന്നലെ രാത്രി ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മണ്ണാര്‍മല തെക്കുംപുറത്ത് കളത്തില്‍ ബഷീര്‍ (42), പള്ളിക്കുത്ത് പള്ളിയില്‍ത്തൊടി ഷനു (26), പുളിക്കല്‍ ജിജി (24) എന്നിവരാണ് മരിച്ചത്. അപകടവിവരം ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനായി താഴെ ഇറങ്ങിയവര്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

കാവന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച ഷാപ്പും പടി സ്വദേശി മൊയ്തീന്‍ (57), പൂക്കളത്തൂര്‍ സ്വദേശി ജാഫര്‍ (27) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

പത്തനംതിട്ടയിലെ കോന്നിയിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു. കലഞ്ഞൂര്‍ കൊന്നാംതോട് പാലത്തിനു സമീപം ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഷണ്‍മുഖന്‍പിള്ള (46), സുബ്ബയ്യ (60) എന്നിവരാണ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :