സംഘടനകള്‍ ഭരിക്കേണ്ടത് കാളകളും പോത്തുകളുമല്ല!

കൊച്ചി| WEBDUNIA|
PRO
സിനിമാ സംഘടനകള്‍ ഭരിക്കേണ്ടത് കാളകളും പോത്തുകളുമാകാന്‍ പാടില്ലെന്ന് നടന്‍ തിലകന്‍. വിനയന്‍ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിന്‍റെ റിലീസ് മുടങ്ങിയ സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ സംഘടനകള്‍ നിരോധിക്കണമെന്നും തിലകന്‍ ആവശ്യപ്പെട്ടു.

‘യക്ഷിയും ഞാനും’ റിലീസ് തടഞ്ഞ നടപടിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇടപെടണം. എം എ ബേബിയില്‍ നിന്ന് സാംസ്കാരിക വകുപ്പിന്‍റെ ചുമതല മാറ്റണമെന്നും തിലകന്‍ ആവശ്യപ്പെട്ടു.

ഇന്നലെയാണ് ‘യക്ഷിയും ഞാനും’ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം തല്‍ക്കാലം റിലീസ് ചെയ്യേണ്ടതില്ലെന്ന് ഫിലിം ചേംബര്‍ തീരുമാനിച്ചു. ഫിലിം ചേംബറിന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ചേംബറിന്‍റെ നിയമങ്ങള്‍ പാലിക്കാതെയാണ് ‘യക്ഷിയും ഞാനും’ എന്ന സിനിമയുടെ നിര്‍മ്മാതാവ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് യോഗം വിലയിരുത്തിയിരുന്നു. ചേംബറിന്‍റെ അനുമതിയില്ലാതെ സിനിമ സെന്‍‌സര്‍ ചെയ്യുകയും മറ്റ് നടപടിക്രമങ്ങള്‍ തെറ്റിക്കുകയും ചെയ്തതായാണ് ചേംബര്‍ ആരോപിക്കുന്നത്.

എന്നാല്‍ തന്‍റെ സിനിമയുടെ റിലീസ് തടയുന്നതിനായി സൂപ്പര്‍‌താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ ശ്രമം നടത്തുന്നതായാണ് വിനയന്‍ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :