സുമലത വീണ്ടും മലയാളത്തില്‍, ഇത്തവണ ബിഗ്‌ബിയുടെ ഭാര്യ!
WEBDUNIA|
PRO
മലയാളികളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയാണ് സുമലത. എണ്‍പതുകളുടെ മധ്യത്തോടെ തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന സുമലതയെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഏറ്റവും മികച്ച ജോഡിയായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ, സുമലത വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ്. അതും അമിതാഭ് ബച്ചന്‍റെ ഭാര്യയായി!
മേജര്‍ രവി സംവിധാനം ചെയ്യുന്ന കാണ്ഡഹാര്‍ എന്ന ചിത്രത്തിലാണ് ബിഗ്ബിയുടെ ഭാര്യയായി സുമലത എത്തുന്നത്. മേജര്‍ രവിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് സുമലത അഭിനയിക്കാമെന്ന് സമ്മതിച്ചത്. ഒരുകാലത്ത് സുമലതയുടെ നായകനായിരുന്ന മോഹന്‍ലാലാണ് കാണ്ഡഹാറിലെ നായകനെന്നത് യാദൃശ്ചികം.
ജോഷി സംവിധാനം ചെയ്ത ‘ഈ തണുത്ത വെളുപ്പാന്‍ കാലത്ത്’ ആണ് സുമലത ഒടുവില്‍ അഭിനയിച്ച മലയാള സിനിമ. അതിനുശേഷം ധാത്രി ഹെയര്‍ ഓയിലിന്‍റെ പരസ്യചിത്രത്തില്‍ അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മൂര്‍ഖന്‍, രക്തം, കോളിളക്കം, മുന്നേറ്റം, തേനും വയമ്പും, തടാകം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, ജനനി ജന്‍മഭൂമി, നിറക്കൂട്ട്, ശ്യാമ, തൂവാനത്തുമ്പികള്‍, ന്യൂഡല്‍ഹി, ഇസബെല്ല, ദിനരാത്രങ്ങള്‍, ഉണ്ണികൃഷ്ണന്‍റെ ആദ്യത്തെ ക്രിസ്തുമസ്, നായര്‍സാബ്, താഴ്വാരം, നമ്പര്‍ 20 മദ്രാസ് മെയില്‍, പരമ്പര, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്നിവയാണ് സുമലത അഭിനയിച്ച പ്രധാന മലയാളചിത്രങ്ങള്‍.
സുമലത ജീവന്‍ നല്‍കിയ ന്യൂഡല്‍ഹിയിലെ മരിയ ഫെര്‍ണാണ്ടസ്, തൂവാനത്തുമ്പികളിലെ ക്ലാര, നിറക്കൂട്ടിലെ മേഴ്സി, ദിനരാത്രങ്ങളിലെ ഡോ. സാവിത്രി, ഇസബെല്ലയിലെ ബേല, താഴ്വാരത്തിലെ കൊച്ചൂട്ടി എന്നീ കഥാപാത്രങ്ങള്‍ മലയാളികള്‍ ഇന്നും മനസില്‍ താലോലിക്കുന്നവയാണ്.