ദിലീപ് നായകനായ തന്‍റെ ചിത്രം ‘ബോഡിഗാര്‍ഡ്’ തിയേറ്ററുകളില്‍ ഏറെ പരീക്ഷണങ്ങളെ അതിജീവിച്ച സിനിമയാണെന്ന് സംവിധായകന്‍ സിദ്ദിഖ്. ഈ സിനിമയെ കൂവിത്തോല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ലെന്നും സിദ്ദിഖ് പറയുന്നു. ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ദിഖ് മനസു തുറക്കുന്നത്.
“മലയാള പ്രേക്ഷകര്‍ മാത്രമല്ല, എല്ലാ ഭാഷക്കാരും ഒരുപോലെ അംഗീകരിച്ച സിനിമയാണ് ബോഡിഗാര്‍ഡ്. ഇതുപോലെ പുതുമയുള്ളൊരു ലൌസ്റ്റോറി എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാളത്തിലുണ്ടാകുന്നത്. എന്നിട്ടും ബോഡിഗാര്‍ഡിനെ കൂവിത്തോല്‍പ്പിക്കാനാണ് ചിലര്‍ ശ്രമിച്ചത്. എന്നാല്‍ അതൊന്നും വിജയിച്ചില്ല. ആശയപരമായി വ്യത്യസ്തമായ സിനിമകള്‍ എടുക്കുമ്പോള്‍ ഇത്തരത്തിലുള്ള ആക്രമണമുണ്ടാകും. ഇതെനിക്ക് പുതിയ അനുഭവമല്ല” - സിദ്ദിഖ് പറയുന്നു.
“ബോഡിഗാര്‍ഡിനു നേരെയുണ്ടായ കൂവിത്തോല്‍പ്പിക്കല്‍ ശ്രമങ്ങളെയൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എന്‍റെ ഒരു സിനിമയെങ്കിലും പൊട്ടിക്കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ട്. സിനിമയുടെ ക്വാളിറ്റിയും എന്‍റെ സിനിമയെ സ്നേഹിക്കുന്ന വലിയൊരു ശതമാനം കുടുംബപ്രേക്ഷകരുടെ പിന്തുണയും കൊണ്ടാണ് കൂവല്‍ സംഘങ്ങളെ അതിജീവിക്കാനായത്. ഇവിടെ സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. മിക്കവരും എല്ലാത്തിന്‍റെയും കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരാണ്” - സിദ്ദിഖ് വിമര്‍ശിക്കുന്നു.
“തമിഴില്‍ തന്‍റെ അമ്പതാം ചിത്രമായി ബോഡിഗാര്‍ഡ് ചെയ്യാമെന്ന് വിജയ് പറഞ്ഞതാണ്. ഇക്കാര്യം ഞാന്‍ ദിലീപിനോടും ജോണി സാഗരികയോടും പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. അങ്ങനെയാണ് ആദ്യം ഈ സിനിമ മലയാളത്തില്‍ ചെയ്തത്. സല്‍മാന്‍ ഖാനും ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് ബോഡിഗാര്‍ഡ്. സിനിമ കണ്ടയുടനെ എന്നെ വിളിച്ച് എത്രയും വേഗം ഹിന്ദിയില്‍ ചെയ്യണമെന്ന് പറയുകയായിരുന്നു. ഷോലെയുടെ തിരക്കഥാകൃത്തായ സലിം ഖാന്‍ എക്സലന്‍റ് തിരക്കഥയെന്നാണ് ബോഡിഗാര്‍ഡിന്‍റെ സ്ക്രിപ്റ്റിനെ വിശേഷിപ്പിച്ചത്” - സിദ്ദിഖ് പറയുന്നു.