ശശിയുടെ എല്ലാ രോഗങ്ങള്‍ക്കും കോയമ്പത്തൂരില്‍ ചികിത്സയുണ്ട്!
തിരുവനന്തപുരം|
WEBDUNIA|
PRO
പി ശശിക്കെതിരായ ആരോപണങ്ങളില്‍ താന്‍ പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. എന്നാല്‍ താന്‍ ഉദ്ദേശിച്ച തരത്തിലുള്ള റിസള്‍ട്ട് ഉണ്ടാകുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിയെ കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പി ശശിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശശിക്കെതിരെയും പാര്‍ട്ടി ഔദ്യോഗികപക്ഷത്തിനെതിരെയും മുനവച്ച പ്രയോഗങ്ങളും പരിഹാസവും നിറച്ചായിരുന്നു വി എസിന്‍റെ പ്രതികരണം.
ശശി ചികിത്സയ്ക്കായി കോയമ്പത്തൂരില്‍ പോയത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ “എല്ലാവിധ രോഗങ്ങള്‍ക്കും ചികിത്സയുള്ള സ്ഥലമാണല്ലോ കോയമ്പത്തൂര്‍ ആര്യവൈദ്യശാല” എന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
പി ശശിയുടെ കാര്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായിട്ടില്ല. ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ വച്ചിട്ടുണ്ടല്ലോ. ശശിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് രണ്ട് അഭിപ്രായമുണ്ടായി. ഒരു അന്വേഷണവും നടത്താതെ നടപടിയെടുക്കുക എന്നതായിരുന്നു ഒരഭിപ്രായം. ഒരു ആരോപണം വന്ന സ്ഥിതിക്ക് അന്വേഷണം നടത്താമെന്നായിരുന്നു മറ്റൊരു അഭിപ്രായം. ഇത് പരിഗണിച്ചാണ് കമ്മീഷനെ നിയമിച്ചിരിക്കുന്നത്. - മുഖ്യമന്ത്രി പറഞ്ഞു.
മലബാര്‍ സിമന്‍റ്സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്‍റെ മരണം സി ബി ഐ അന്വേഷിക്കണം എന്ന ആവശ്യത്തെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും വി എസ് അറിയിച്ചു.