വ്യാജസ്വര്‍ണം പണയംവച്ച് തട്ടിപ്പ്: നടന്‍ വിജയകുമാര്‍ തെക്കന്‍ ജില്ലകളിലെ മുഖ്യസൂത്രധാരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വ്യാജസ്വര്‍ണം പണയംവച്ച് വ്യാപക തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. സിനിമാതാരം വിജയകുമാറാണ് സംഘത്തിന്റെ തെക്കന്‍ ജില്ലകളിലെ മുഖ്യസൂത്രധാരനെന്ന് വെളിവാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ടു. ചെമ്പിന്റെ അളവ് കൂട്ടി നിര്‍മിക്കുന്ന ആഭരണങ്ങളില്‍ സ്വര്‍ണം പൂശിയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ പണയം സ്വീകരിച്ച യു‌എഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനം അടക്കം നിരവധി ബാങ്കുകള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി. ചിലപ്പോള്‍ വിജയകുമാര്‍ നേരിട്ടെത്തിയും മറ്റു ചിലപ്പോള്‍ ഡ്രൈവര്‍ ജിജി, മാര്‍ഷല്‍ എന്നിവര്‍ വഴി ഇടനിലക്കാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

തൊഴില്‍രഹിതരായ ചെറുപ്പക്കാരെ തെരഞ്ഞുപിടിച്ച് അവരുമായി ബന്ധം സ്ഥാപിക്കുകയും ഇവരെ ഉപയോഗിച്ച് പണയം വെക്കുകയുമാണ് പതിവ്. ഇതിനുശേഷം ഇവരറിയാതെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ പണയം വെക്കും. പലപ്പോഴും ജപ്തി നോട്ടീസ് എത്തുമ്പോഴാണ് ഇവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ബാങ്കുകാരുടെ അറിവോടെയാണ് പലപ്പോഴും പണയം വെക്കുന്നതെന്ന് ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട യുവാവ് വെളിപ്പെടുത്തി. പ്രശസ്തിയുടെ ലേബല്‍ ഉപയോഗപ്പെടുത്തി ബാങ്കിലെ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുകയാണ് വിജയകുമാറിന്റെ രീതി.

വിജയകുമാറിന്റെ നേതൃത്വത്തില്‍ പാലക്കാട് വ്യാജസ്വര്‍ണം നിര്‍മിക്കുന്ന കേന്ദ്രമുണ്ടെന്നും പറയപ്പെടുന്നു. ഇത്തരത്തില്‍ തിരുവനന്തപുരത്തെ കേശവ ബാങ്കേഴ്സില്‍ വച്ച സ്വര്‍ണം പണയത്തെക്കുറിച്ച് ഒരു പരാതി പോലും അധികൃതര്‍ നല്‍കിയിട്ടില്ല. കൂടാതെ സ്വര്‍ണം താന്‍ നിര്‍മിക്കുന്നതാണെന്നും കെ‌എസ്‌എഫ്‌ഇയുടെ ഗവണ്‍‌മെന്റ് വിഭാഗത്തില്‍ വരെ പണയം വച്ചിട്ടുണ്ടെന്നും വിജയകുമാര്‍ വെളിപ്പെടുത്തുന്ന രംഗങ്ങള്‍ ചാനല്‍ പുറത്തുവിട്ടു.

കാട്ടാക്കടയിലെ ഒരു സ്വകാര്യ പണമിടപാട് കേന്ദ്രത്തില്‍ കഴിഞ്ഞ മാസം പണയം വെക്കാനെത്തിയ വിജയകുമാറിനെ തട്ടിപ്പ് മനസിലാക്കിയ അധികൃതര്‍ തടഞ്ഞു വച്ചിരുന്നു. എന്നാല്‍ ഉന്നതസ്വാധീനം ഉപയോഗിച്ച് അന്ന് രക്ഷപ്പെടുകയായിരുന്നു. 2009-ല്‍ വിജയകുമാറിനെതിരേ കുഴല്‍പ്പണക്കേസില്‍ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ ദിവസമാണ് വിജയകുമാര്‍ കുറ്റവിമുക്തനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :