തിരുവനന്തപുരം|
Last Updated:
ശനി, 12 ഡിസംബര്‍ 2015 (11:35 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് കേസെടുത്തു. ഐ പി സി 153 A അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍റെയും ടി എന്‍ പ്രതാപന്‍ എംഎല്‍എയുടെയും കത്തുകളുടെയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ മാധ്യമങ്ങളിലൂടെയുള്ള ആവശ്യപ്പെടലിന്‍റെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന്
ചെന്നിത്തല വിശദമാക്കി.
സമുദായങ്ങളും വിവിധ ജാതി - മതങ്ങള്‍ തമ്മിലും സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. അത്തരം നീക്കങ്ങള്‍ തടയേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അപകടത്തില്‍ പെടുമ്പോള്‍ പോലും ജാതിയും മതവും ചോദിക്കുന്ന നികൃഷ്ടമായ ഇത്തരം സമീപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പരാതികളുടെ അടിസ്ഥാനത്തില്‍ നിയമവശം പരിശോധിക്കാന്‍ ആഭ്യന്തരസെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഡി ജി പിയുടെ അഭിപ്രായവും തേടി. ലോക്കല്‍ പൊലീസായിരിക്കും ഈ കേസ് അന്വേഷിക്കുക. വിശദമായ അന്വേഷണം നടക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പുകളാണ് തങ്ങളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് നൌഷാദിന്‍റെ കുടുംബം തന്നെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. നൌഷാദിനെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബമാണ് അത്. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നതില്‍ റെക്കോര്‍ഡിട്ടയാളാണ് ഉമ്മന്‍ചാണ്ടി. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരുലക്ഷം രൂപ ധനസഹായം എല്ലാവര്‍ക്കും നല്‍കാറുണ്ട്. അത്തരം സഹായങ്ങളെ ഇത്തരത്തില്‍ വര്‍ഗീയവത്കരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് - ആഭ്യന്തരമന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വെള്ളാപ്പള്ളിയുടെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് മകന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. നൌഷാദിന് സര്‍ക്കാര്‍ പണം നല്‍കുന്നതിന് എസ് എന്‍ ഡി പിക്ക് എതിര്‍പ്പൊന്നുമില്ല. നിയമപരമായി നേരിടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.