കൊച്ചി|
Last Modified വ്യാഴം, 19 നവംബര്‍ 2015 (13:24 IST)
പെണ്‍വാണിഭക്കേസില്‍ കിസ് ഓഫ് ലവ് നേതാവ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും അറസ്റ്റിലായത് ഞെട്ടലോടെയാണ് കേരളം കേട്ടത്. അറസ്റ്റിന് ശേഷം പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാഹുലും രശ്മിയും താമസിച്ചിരുന്ന ഫ്ലാറ്റില്‍ പൊലീസ് എത്തുന്നത്. ഫ്ലാറ്റില്‍ പരിശോധനയ്ക്കെത്തിയ പൊലീസിനെ കാത്തിരുന്നത് രാഹുലും രശ്മിയും അവിടെ കുത്തഴിഞ്ഞ ജീവിതമായിരുന്നു നടത്തിയിരുന്നത് എന്നതിന്‍റെ വ്യക്തമായ ചിത്രം.
തൃക്കാക്കരയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ 503E എന്ന ഫ്ലാറ്റിലാണ് രാഹുല്‍ പശുപാലനും രശ്മിയും താമസിച്ചിരുന്നത്. ഇരുവരുടെയും ജീവിതത്തേക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് സമാനമായിരുന്നു ഈ ഫ്ലാറ്റും. തികച്ചും കുത്തഴിഞ്ഞ രീതിയിലായിരുന്നു മുറികള്‍. ഉപയോഗിച്ചതും അല്ലാത്തതുമായ വസ്ത്രങ്ങള്‍ മുറികളില്‍ നാലുപാടും ചിതറിക്കിടന്നിരുന്നു.
ഓരോ മൂലയിലും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെത്താന്‍ കഴിഞ്ഞു. പാതികഴിച്ച് ബാക്കിവച്ച പാഴ്സല്‍ ഭക്ഷണപ്പൊതികള്‍ അവിടവിടെയായി കാണാമായിരുന്നു. ദിവസങ്ങളായി കഴുകാതെ ഈച്ച പറക്കുന്ന നിലയില്‍ കൂടിക്കിടക്കുന്ന പാത്രങ്ങള്‍ അടുക്കളയില്‍.
ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന കംപ്യൂട്ടര്‍ ആയിരുന്നു പൊലീസ് പ്രധാനമായും പരിശോധിച്ചത്. എന്നാല്‍ ഇത് പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിരുന്നു. പിന്നീട് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ കംപ്യൂട്ടര്‍ കസ്റ്റഡിയിലെടുത്തു. മറ്റൊരു ടാബും പൊലീസ് കണ്ടെത്തി. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഓണായതിനാല്‍ ഈ ടാബിലേക്ക് ഇടതടവില്ലാതെ മെസേജുകള്‍ വന്നുകൊണ്ടിരുന്നു.
കൊച്ചി സിറ്റി ഷാഡോ പൊലീസ് സംഘവും തൃക്കാക്കര പൊലീസും ചേര്‍ന്നായിരുന്നു രാഹുല്‍ പശുപാലന്‍റെയും രശ്മിയുടെയും വീട്ടില്‍ റെയ്ഡ് നടത്തിയത്.