തിരുവനന്തപുരം|
Last Updated:
ബുധന്‍, 25 ജൂണ്‍ 2014 (19:50 IST)
തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രധാന അധ്യാപികയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റിയത്. മന്ത്രി രാവിലെ 11 മണിക്കാണ് സമയം നല്‍കിയത്. എന്നാല്‍ അവര്‍ 9.30ന് പരിപാടി വയ്ക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വരും എന്നറിയിച്ചിട്ടും ഗേറ്റ് അടച്ചിട്ടു. അധ്യാപികയ്ക്ക് പറയാനുള്ളത് അന്വേഷിച്ച ശേഷമാണ് നടപടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്കൂളില്‍ നടന്ന ചടങ്ങില്‍ ഒന്നര മണിക്കൂര്‍ വൈകിവന്ന വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്സ്ഥലം മാറ്റപ്പെട്ട കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രധാനാധ്യാപിക കെ കെ ഊര്‍മിളാദേവി നിയമനടപടിക്ക് ഒരുങ്ങുകയാണ്‍. തന്നെ ചട്ടങ്ങള്‍ക്ക് വിപരീതമായി സ്ഥലംമാറ്റിയെന്ന് ചൂണ്ടിക്കാട്ടി ഊര്‍മിളാദേവി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹര്‍ജി നല്‍കി. സ്ഥലം മാറ്റം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോട്ടണ്‍ ഹില്‍ സ്കൂളില്‍ ആദ്യമായാണ് ഒരു പട്ടികജാതിക്കാരി സ്കൂളിന്റെ പ്രധാനാധ്യാപികയാവുന്നത്. ഇതില്‍ അസൂയയും വര്‍ഗീയതയും ഉള്ളവരാണ് തന്നെ പീഡിപ്പിക്കുന്നതെന്ന് ഊര്‍മിളാദേവി ആരോപിച്ചു.