‘ഐ‌എ‌എസ് ചേരിപ്പോര് രമ്യമായി പരിഹരിക്കണം; തര്‍ക്കം സര്‍ക്കാരിനെ ബാധിക്കരുത്’

തിരുവനന്തപുരം| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (08:38 IST)
സംസ്ഥാന ഐഎഎസുകാര്‍ക്കിടെയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടെയിലെ ചേരിപ്പോര് രൂക്ഷമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ക്ളിഫ് ഹൗസില്‍ നടന്ന ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മധ്യസ്ഥന്‍ കെഎം ചേന്ദ്രശേഖനെ ഐഎഎസ് അസോസിയേഷന്‍ കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ തര്‍ക്കം കൊണ്ടുപോകരുതെന്നും മുഖ്യമന്ത്രി ഭാരവാഹികളോട് നിര്‍ദ്ദേശിച്ചു. അതേസമയം രാജുനാരായണസ്വാമിയും കെ സുരേഷ്‌കുമാറും ചീഫ് സെക്രട്ടറിക്കെതിരായ പരാതി മുഖ്യമന്ത്രിയോട് പറഞ്ഞു. ഇത് മധ്യസ്ഥനോട് പറഞ്ഞ് പരിഹരിക്കപ്പെടേണ്ട വിഷയമല്ലെന്നു ഇവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

അത് പറഞ്ഞ് പരിഹരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രഹസ്യവിവര റിപ്പോര്‍ട്ട് കൊടുക്കേണ്ടത് ആര്‍ക്കാണെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതുള്‍പ്പടെ ഐഎഎസ് അസോസിയേഷന്റെ പരാതികളെല്ലാം പരിഹരിക്കാമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ടോംജോസ്, പ്രശാന്ത്, കെ സുരേഷ്‌കുമാര്‍, രാജുനാരായണസ്വാമി, ബി അശോക്, ആശാ എന്നിവര്‍ പങ്കടുത്തു. ഭാരവാഹികള്‍ മാത്രം മുഖ്യമന്ത്രിയെ കാണാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നാലെ പരാതിക്കാരെ കൂടി ഉള്‍പ്പെടുത്തിയാണ് ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിയെക്കണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :