കാനഡയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. എറണാകുളം സരിത തിയേറ്ററിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സൌത്ത് കളമശേരി സ്വദേശി പുളിത്തറ ഹൌസില്‍ ജോയ് വര്‍ഗീസ് (53), ഇയാളുടെ സബ് ഏജന്‍റ് കൊല്ലം ആദിച്ചനല്ലൂര്‍ കുമ്മല്ലൂര്‍ ചരുവിള വീട്ടില്‍ സുരേഷ് (51), ഈരാറ്റുപേട്ട വലിയ കാപ്പില്‍ വീട്ടില്‍ ജോസ് ജോസഫ് (37) എന്നിവരാണ് പൊലീസ് പിടിയിലായത്.
കൊല്ലം അഞ്ചാലുമ്മൂട് കൊച്ചുവിള വീട്ടില്‍ ബിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങല്‍ ഡി വൈ എസ് പി പ്രതാപന്‍ നായരുടെ നിര്‍ദ്ദേശാനുസരണം പ്രതികളെ പൊലീസ് പിടിച്ചത്. ബിനുവില്‍ നിന്ന് പലപ്പോഴായി രണ്ടര ലക്ഷം രൂപ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ എന്ന പേരില്‍ സംഘം കൈക്കലാക്കിയിരുന്നു.
ചാത്തന്നൂര്‍, അഞ്ചാലുമ്മൂട്, മണ്ണാര്‍കാട്, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി 32 ഓളം പേര്‍ക്ക് വിസ നല്‍കാമെന്ന് കാട്ടി കല്‍ക്കത്തയില്‍ എത്തിച്ച് വ്യാജ എമിഗ്രേഷന്‍ ഓഫീസും വ്യാജ ഫിറ്റ്‍നെസ് സര്‍ട്ടിഫിക്കറ്റും നല്‍കിയാണ് വിശ്വാസത്തിലൂടെ ലക്ഷക്കണക്കിനു രൂപ കൈക്കലാക്കിയത്.
വ്യാജ എമിഗ്രേഷന്‍ ഓഫീസ് ഉണ്ടാക്കി കൊല്‍ക്കത്ത സ്വദേശികളായ രബി റോയ്, സുബ്രതാ സര്‍ദാര്‍ജി എന്നിവരെ വ്യാജ ഓഫീസര്‍മാരായി കാണിച്ച് കബളിപ്പിക്കുകയായിരുന്നു. ഇവരുടെ പേരില്‍ രണ്ടര ലക്ഷം രൂപ ബിനു വര്‍ക്കല സൌത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൌണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിരുന്നു.
കൊല്‍ക്കത്ത സ്വദേശികള്‍ക്ക് വേണ്ടി വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരേഷിനെ കുമ്മല്ലൂരിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.