വിവാഹവേദിയിലെ മദനിയുടെ പ്രസംഗം; ബിജെപി രംഗത്ത്

കൊല്ലം| WEBDUNIA|
PRO
താന്‍ നിരാശനോ ദു:ഖിതനോ അല്ലെന്ന്‌ അബ്‌ദുള്‍ നാസര്‍ മദനി. നീതിയുടെ കിരണം അകലെനിന്നുപോലും കാണാനാവാത്ത ദുരവസ്‌ഥയിലാണ്‌ താനെന്നും അതേസമയം തന്നോടുള്ള അനീതിക്കെതിരേ കേരളജനത ഒന്നടങ്കം തനിക്കൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും മകള്‍ ഷമീറയുടെ വിവാഹ ചടങ്ങില്‍ വച്ച്‌ മദനി പറഞ്ഞു.

തന്റെ ആരോഗ്യം വളരെ മോശമായ നിലയിലാണ്‌. വലതുകണ്ണിന്റെ കാഴ്‌ച പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടുവെന്നും ഇടതുകണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍, താന്‍ എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചിരിക്കുകയാണ്‌ എന്നും മദനി പറഞ്ഞു. കാരഗൃഹത്തില്‍ നിരപാധിയായി താന്‍ മാത്രമല്ലെന്നും തന്റെ വാക്കുകളില്‍ പ്രവര്‍ത്തികളില്‍ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് അതിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും മദനി പറഞ്ഞു.

തന്റെ പ്രസംഗത്തോട്‌ അണികള്‍ കാട്ടുന്ന അമിതാവേശം തനിക്ക്‌ അണികളിലേക്ക്‌ എത്താന്‍ തടസ്സമാകുമെന്നും എല്ലാവരും പ്രതികരണം ഹൃദയത്തിലൊതുക്കണമെന്നും മദനി പ്രസംഗത്തിനിടയില്‍ പറഞ്ഞു.

പിണറായി വിജയന്‍, വൈക്കം വിശ്വന്‍, തോമസ്‌ ഐസക്‌, സി ദിവാകരന്‍, എം ഐ ഷാനവാസ്‌ തുടങ്ങി പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ മദനിക്കൊപ്പം വേദി പങ്കിട്ടു. നൂറുകണക്കിന്‌ പിഡിപി പ്രവര്‍ത്തകരാണ്‌ മദനിയെ സ്വീകരിക്കാനായി വിവാഹ സ്‌ഥലത്ത്‌ തടിച്ചുകൂടിയിരുന്നത്‌. വലിയതോതിലുള്ള ആരവം മുഴക്കി വൈകാരികമായ വരവേല്‍പ്പാണ് മദനിക്ക് ജന്മനാട് നല്‍കിയത്.

കൊട്ടിയത്ത് വിവാഹചടങ്ങ് നടക്കുന്ന സുമയ്യ ഓഡിറ്റ്റോറിയത്തില്‍ വകനത്ത സുരക്ഷയാ‍ണ് ഓഡിറ്റോറിയത്തിന്റെ പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നത്. മദനിക്ക് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് ദക്ഷിണമേഖലാ എഡിജിപി ഹേമചന്ദ്രനെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മദനി രണ്ടര വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ എത്തുന്നത്.

തിങ്കളാഴ്ച്ച അന്‍വാശേരിയില്‍ എത്തി പിതാവിനേയും കാണും. ബുധനാഴ്ച്ച ബംഗളൂരിലേക്ക് മടങ്ങും. രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മദനിയെ ആംബുലന്‍സില്‍ കൊല്ലത്തെ അസീസിയ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കര്‍ശന ഉപാധികളോടെയാണ് മദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.പാര്‍ട്ടി പ്രവര്‍ത്തകരെയോ മാധ്യമപ്രവര്‍ത്തകരെയോ കാണാന്‍ അനുവാദമില്ല. അടുത്ത ബന്ധുക്കളെ മാത്രം കാണാനേ അനുവാദമുള്ളൂ.

നിയമവ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണ്‌ മഅദനിയുടെ പ്രസംഗമെന്നും നിയമം ലംഘിച്ച മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മഅദനിയുടെ പ്രസംഗം പരിശോധിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദനും മദനിയുടെ സുരക്ഷ മാത്രമാണ്‌ പോലീസിന്റെ ചുമതല അത്‌ ഭംഗിയായി ചെയ്യുന്നുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :