തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 28 ഫെബ്രുവരി 2013 (12:29 IST)
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ മകള്‍ വിവാഹിതയാകുന്നു. മദനിയുടെ ആദ്യഭാര്യയിലെ മകള്‍ ഷമീറയാണ് മാര്‍ച്ച് പത്തിന് വിവാഹിതയാവുന്നത്. കരുനാഗപ്പള്ളി ആലുംകടവ് മേടയില്‍ സിദ്ധിക് കുഞ്ഞിന്റെ മകന്‍ നിസാമാണ് വരന്‍. കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലാണ് വിവാഹം.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് ഇടക്കാല ജാമ്യം കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് പി ഡി പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യം ഉന്നയിക്കുമെന്ന് പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ജാമ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് സംസ്ഥാനസര്‍ക്കാരിന്റെ സഹായം തേടുന്നത്.
വാപ്പച്ചിയെത്തുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് താനെന്ന് ഷമീറ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജീവിതത്തിലെ സുപ്രധാനസംഭവമാണ് വിവാഹം. അത് വാപ്പച്ചിതന്നെ നടത്തിത്തരണമെന്നാണ് ഒരോ പെണ്‍കുട്ടിയും ആഗ്രഹിക്കുക. ഒരു വാപ്പയെന്ന നിലയില്‍ മദനിക്ക് ഏറെ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തമായിരിക്കും അത്. അതിന് അവസരമൊരുക്കി സര്‍ക്കാറും കോടതിയും കരുണകാണിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ഷമീറ കൂട്ടിച്ചേര്‍ത്തു.